കൂത്താട്ടുകുളം : സ്ത്രീയുടെ മാനത്തിന് വില പറയുന്ന പാര്‍ട്ടിക്കൊപ്പം ഇനി നില്‍ക്കണോ എന്ന് ആലോചിക്കുമെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജു. പാർട്ടിയില്‍ തുടരണോ എന്ന് ആലോചിക്കും. യുഡിഎഫുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടെന്നും കല പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണമെന്നും സ്വന്തമായി കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലാ രാജു പറഞ്ഞു. നിന്നെ അകത്തോട്ട് കയറ്റാതിരിക്കാന്‍ ഇന്നലെ മുതല്‍ കരുതിനിന്നതാണെന്ന് ലോക്കല്‍ സെക്രട്ടറിയടക്കം തന്നോട് ആക്രോശിച്ചു. അവളെ കൊന്നുകളയെടായെന്ന് പറഞ്ഞു. അവളെ പിടിച്ച് വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ എന്ന് പറഞ്ഞത് വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയുമ്പോഴും പൊതുജനങ്ങളുടെ കണ്ണ് മൂടിക്കെട്ടാന്‍ കഴിയില്ലല്ലോ എന്നും കല ചോദിച്ചു. ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. സ്ത്രീയെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തുന്നത് ശരിയാണോ. ഡിവൈഎഫ്‌ഐയുടെ അരുണ്‍ അശോകനാണ് വണ്ടി ഓടിച്ചതെന്നും കലാ രാജു വ്യക്തമാക്കി.
അതേസമയം കലാ രാജുവിനെ കടത്തിക്കൊണ്ടുപോയില്ലെന്ന് വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തുവന്നു. പാര്‍ട്ടി തീരുമാനപ്രകാരം കലയുള്‍പ്പെടെയുളള 13 കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി വി രതീഷ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക