Main Article

വാസവന്‍ പഠിക്കുമോ യോഗിയെക്കണ്ട് ?

ദ്യമേ പറയട്ടേ, ഇവിടെ പരാമര്‍ശിക്കുന്ന സമാധിക്കും ആധ്യാത്മിക വിഷയങ്ങള്‍ക്കും ചില ആനുകാലിക വിവാദങ്ങളുമായി തീരെ ബന്ധമില്ല. വാക്കുകളെയും ആശയങ്ങളെയും ചര്‍ച്ച ചെയ്തും തര്‍ക്കിച്ചും വിവാദത്തില്‍പ്പെടുത്തി, അര്‍ത്ഥവും ആദരവും താഴ്‌ത്തിക്കളയുന്ന ആസൂത്രിത പദ്ധതി ഏറെക്കാലമായി നടപ്പിലുള്ള ഒരു ദുഷ്പ്രവൃത്തിയാണ്; പ്രത്യേകിച്ച് സാംസ്‌കാരിക- ആദ്ധ്യാത്മിക മേഖലയിലെ വാക്കുകളെ. ഉദാഹരണങ്ങള്‍ ഏറെയുണ്ട്, ഏറ്റവും ആനുകാലികമായ ഒരു വാക്കുമാത്രം പറയാം; പൊങ്കാല. പൊങ്കാല തികച്ചും മത- ആചാര- അനുഷ്ഠാനപരമായ ഒരു ചടങ്ങിന്റെ പേരാണ്. പൊ
ങ്കാല നിവേദിക്കല്‍ ഏറെ വിശിഷ്ടമായി വിശ്വാസികള്‍ കരുതുന്ന ഒരു ജനകീയ പൂജാ വിധിയാണ്. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തിടപ്പള്ളിയില്‍ നിര്‍മിച്ച് ശ്രീകോവിലിനുള്ളില്‍ ദേവന് അല്ലെങ്കില്‍ ദേവിക്ക് നടത്തുന്ന നേദ്യത്തിനെ, അത്തരം പൂജാവിധികള്‍ക്ക് വിധിയും അവകാശവുമുള്ള പൂജാരിമാരില്‍നിന്ന് ജനകീയമാക്കി, മതില്‍ക്കെട്ടിനു പുറത്ത് എത്തിച്ച് വിശ്വാസികളായ ജനാവലി നടത്തുന്ന നേദ്യമുണ്ടാക്കലും പൂജയുമാണത്. ജനാധിപത്യ സംവിധാനത്തില്‍ ആചാരാനുഷ്ഠാനത്തിന് വന്നുചേര്‍ന്ന ജനകീയവല്‍ക്കരണത്തിന്റെ ഭാഗമായി മിക്ക ക്ഷേത്രങ്ങളിലും ഇന്ന് പൊങ്കാലയുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയകളില്‍ ഒരാളിനെയോ ഒരു വിഷയത്തിനെയോ കൂട്ടമായി വിമര്‍ശിക്കുകയോ വിചാരണ ചെയ്യുകയോ ചെയ്താല്‍ അത് ”പൊങ്കാലയിടല്‍” ആയി വിശേഷിപ്പിക്കപ്പെടുന്നത് എന്ത് അര്‍ത്ഥത്തിലാണ്? ”തെറിയുടെ പൊങ്കാല” എന്ന് അറിവുള്ളവരും പറയും. ”തെറിയുടെ അഭിഷേകം” എന്ന പ്രയോഗവും ധാരാളമാണ്. ‘അഭിഷേകത്തിന് പവിത്ര അര്‍ത്ഥമാണ് വിശ്വാസികളല്ലാത്തവര്‍ക്കും. ”വഴിപാട്” എന്ന വാക്കിന് വിശുദ്ധമായ അര്‍ത്ഥമാണ്; അത് ഇഷ്ടദേവപ്രീതിക്കായി നടത്തുന്ന പൂജയോ സമര്‍പ്പണമോ ഒക്കെയാണ്. പക്ഷേ, അത് ഒരു ‘പാഴ്പ്പണി’യെന്ന അര്‍ത്ഥത്തിലാക്കി പ്രയോഗിക്കുന്നത്, പ്രയോഗിച്ചത് ആരാണ്, എന്തുകൊണ്ടാണ്, ”ആറാട്ട്”, ”പൂരം” തുടങ്ങിയ വാക്കുകള്‍ക്കു അങ്ങനെ അര്‍ത്ഥം ലോപിക്കുകയോ മോശപ്പെടുകയോ ചെയ്തിട്ടുണ്ട്, എന്തിനേറെ, ”സ്വാഹ” എന്ന വാക്ക് ഏറ്റവും പവിത്രമായ, കര്‍മ്മത്തിന്റെ ആധാരമായ യാഗത്തിലെ മന്ത്രത്തിന്റെ ‘വായ്‌ത്താരി’പോലെ വിശിഷ്ടമാണ്. എന്നാല്‍, ”സ്വാഹ” എന്നത് പാഴാക്കല്‍, നഷ്ടമാകല്‍ തുടങ്ങിയ അര്‍ത്ഥത്തിലാണ് ചിലര്‍ പ്രയോഗിക്കുന്നത് പലപ്പോഴും. ഇത്തരത്തില്‍ നൂറുകണക്കിന് വാക്കുകള്‍ നിരത്താം. ഒരുപക്ഷേ ഈ അഭിപ്രായത്തെപ്പോലും വിമര്‍ശിക്കുന്നവരാകും ഏറെ. കാരണം, നാമറിയാതെ നമ്മുടെ സംസ്‌കാര ഗരിമയെ ഭാഷാ മേഖലയില്‍ നിഷ്പ്രഭമാക്കുകയും നിരര്‍ത്ഥകമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അറിയാനും വേണം ഒരു സാംസ്‌കാരികബോധം. ”സിദ്ധികൂടി”, ”സമാധി”യായി തുടങ്ങിയ വാക്കുകളും അങ്ങനെ സാംസ്‌കാരിക സൂചകങ്ങളുടെ അപ്രഭ്രംശത്തിന് ലക്ഷ്യമിട്ട് കരുതിക്കൂട്ടി ദുരുപയോഗിക്കുന്നത് പ്രത്യേക അജണ്ടയാണെന്നു സാരം.

‘കാവി’യെ അങ്ങനെ കളങ്കപ്പെടുത്താനുള്ള ആസൂത്രണം പക്ഷേ തിരിച്ചടിയായി. ധര്‍മ്മത്തിന്റെ, ത്യാഗത്തിന്റെ, അര്‍പ്പണത്തിന്റെയെല്ലാം പ്രതീകമായ കാവിയെ, ഒരു രാഷ്‌ട്രീയത്തിന്റെ നിറമാക്കാനുള്ള ശ്രമം ഫലിച്ചില്ലെന്നു മാത്രമല്ല, ‘കാവിനിറ’ത്തിനും കിട്ടി സ്ഥാനക്കയറ്റം. അങ്ങനെ ധര്‍മ്മാചാര്യന്മാരുടെ, സംന്യാസിമാരുടെ, യോഗികളുടെ അതുവഴി ഭാരതസംസ്‌കാരത്തിന്റെയും പ്രതീകമായി കാവിയെ പുനഃസ്ഥാപിക്കാന്‍ ‘കുപ്രചാരണ’ക്കാരും സഹായിച്ചു. സ്വാമി വിവേകാനന്ദന്‍ യൂറോപ്പില്‍ സ്ഥാപിച്ച സാംസ്‌കാരിക- ആത്മീയ ആധിപത്യത്തിന്റെ പുനരവതരണം സാധിച്ചിരിക്കുന്നു ഇന്നിപ്പോള്‍ എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു സംന്യാസി പ്രവരരും ആദ്ധ്യാത്മികാചാര്യന്മാരും ഈ വിഷയത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ‘മഹാകുംഭമേള’യാണിപ്പോള്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്നത്. ആ പ്രയജ്ഞത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണ് ഇങ്ങ് കേരളത്തില്‍ കോഴിക്കോട്ട് മുതലക്കുളം മൈതാനത്ത്, സ്വാമി ചിദാനന്ദപുരിയുടെ കാല്‍നൂറ്റാണ്ടു പിന്നിട്ട, പ്രതിവര്‍ഷ ധര്‍മ്മ പ്രഭാഷണ പരമ്പരയും. ആനുകാലികമായ പല വിഷയങ്ങളിലേക്കും വെളിച്ചം തെളിക്കുന്ന പ്രഭാഷണത്തില്‍ ഒരു ദിവസം സ്വാമി പറഞ്ഞു: ”….ആര്‍ക്കെങ്കിലും അതിസാധാരണമായ ഒരു കഴിവുണ്ടെന്നറിഞ്ഞാല്‍ ആ ആളിനെ ‘അവതാരമായി’ പ്രഖ്യാപിക്കുന്നതാണ് ഇന്ന് കണ്ടുവരുന്ന ശീലം. അത് വേണ്ടതില്ല. ഒരാള്‍ ഒരു വലിയ കുന്നിനുമുകളില്‍ നില്‍ക്കുന്നുവെന്ന് കണ്ടാല്‍ അയാള്‍ ആകാശത്തുനിന്ന് പൊട്ടിവീണതോ ഇറങ്ങിവന്നതോ ആണെന്ന് കരുതുന്നതിനേക്കാള്‍, അയാള്‍ താഴെനിന്ന് നടന്ന് മലമുകളില്‍ എത്തിയതാണ് എന്ന് കരുതുന്നതിനോടാണ് നമുക്ക് താല്‍പ്പര്യം.” എത്ര കൃത്യമാണ് കാഴ്ചപ്പാട്. എത്ര വ്യക്തമാണ് നിരീക്ഷണം; അതിന്റെ വിശകലനം നടത്തി ചിന്തിക്കേണ്ടതും പിന്തുടരേണ്ടതും കേള്‍വിക്കാരാണ്.
പക്ഷേ, ‘ഊര്‍ദ്ധ്വബാഹു’ക്കളായി സംന്യാസിമാര്‍ വിളിച്ചുപറയുന്ന ഈ തത്ത്വങ്ങളും പ്രവര്‍ത്തിച്ചു കാണിക്കുന്ന കര്‍മ്മങ്ങളും സമൂഹവും അവരെ നയിക്കേണ്ട ജനാധിപത്യസംവിധാനത്തിന്റെ നേതാക്കളില്‍ പലരും അനുസരിക്കുകയോ ശ്രവിക്കുകയോ പോലും ചെയ്യുന്നില്ലെന്നു മാത്രം. കര്‍മ്മത്തിന്റെ അധ്വാനത്തിന്റെ, അല്ല കഠിനാധ്വാനത്തിന്റെ, മനുഷ്യശക്തിയുടെ ശരിയായ വിനിയോഗത്തിലൂടെ അമാനുഷികതയിലെത്തുന്നതിന്റെ ദൈവിക മാര്‍ഗ്ഗവും ജൈവിക ശാസ്ത്രവുമാണ് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകള്‍. ആ വാക്കുകളുടെ മുഴക്കത്തിന്റെയും മൂളക്കത്തിന്റെയും പശ്ചാത്തലത്തില്‍ വേണം നമ്മള്‍ പ്രയാഗ്രാജിലെ മഹാകുംഭമേളയേയും ശബരിമലയിലെ മണ്ഡലകാല തീര്‍ത്ഥാടനത്തെയും നിരീക്ഷിക്കാന്‍. ആ വാക്കുകളുടെ, വാക്യങ്ങളുടെ ആഴമറിഞ്ഞുവേണം കാടാമ്പുഴ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും വിഹരിക്കുന്ന, സര്‍ക്കാര്‍ അവസരത്തിനൊത്ത് സര്‍ട്ടിഫിക്കറ്റുകൊടുക്കുന്ന ‘മനോരോഗികളെ’ തിരിച്ചറിയാന്‍. സ്വാമികളുടെ ആ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ വേണം നാം യുപിയുടെ ഭരണാധികാരി യോഗി ആദിത്യനാഥിന്റെയും കേരളത്തിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും പ്രവൃത്തികളെ മനസ്സിലാക്കാന്‍.

ജനായത്ത ഭവനങ്ങളില്‍ സംന്യാസിമാര്‍ക്കെന്താണ് പങ്ക്, എന്ന ചോദ്യം കേള്‍ക്കുന്നുണ്ട്. മതേതരത്വത്തിന് വിവേചകത്വമില്ലാത്ത വ്യാഖ്യാനം നല്‍കുന്നവരും ‘മതനിരപേക്ഷത’ എന്നൊരു നല്ല തര്‍ജ്ജമ ‘സെക്യുലറിസ’മെന്ന ഇംഗ്ലീഷ് വാക്കിന് നല്‍കാന്‍ മടിക്കുന്നവരും അങ്ങനെ സംശയിക്കും. കാരണം അവര്‍ക്കറിയില്ല, അഥവാ അറിയാമെങ്കില്‍ സമ്മതിക്കില്ല, ഭാരതത്തിന്റെ ചരിത്രം; ആ ചരിത്രം ലോകമെങ്ങും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ചിത്രം. ധര്‍മ്മാചാര്യന്മാരുടെ ഉപദേശത്തിലായിരുന്നു, ഭാരതത്തില്‍ ഭരണം. അവസാനവാക്ക് രാജഗുരുക്കന്മാരുടേതായിരുന്നു. വിദ്വദ്സദസ്സുകളും പണ്ഡിതമണ്ഡലങ്ങളും ധര്‍മ്മാചാര്യസഭകളും തന്ത്ര-സൂത്ര സമര്‍ത്ഥര്‍ നല്‍കിയ ഉപദേശങ്ങളുമായിരുന്നു ഒരുകാലത്ത് ഭരണത്തെ നയിച്ചതും നിയന്ത്രിച്ചതും. അതിനാല്‍ ‘ധര്‍മ്മദണ്ഡ്’ ആയിരുന്നു ഭരണം തിരിച്ചിരുന്നത്. ജനാധിപത്യത്തിലും നിര്‍വഹണത്തിന്റെ ക്രമവും രീതിയും മാറിയതൊഴിച്ചാല്‍ ധര്‍മ്മത്തിന്റെ നിരാകരണം രാജ്യത്തിന്റെ ഭരണഘടനയും വിധിച്ചിട്ടില്ല. പക്ഷേ ധര്‍മ്മവും മൂല്യവും സന്മാര്‍ഗ്ഗവും സദാചാരവും മതവിഷയമാണെന്ന അബദ്ധധാരണ ചിലര്‍ ആദ്യം പരത്തുകയും പിന്നീട് ‘മതേതരത്വ’ത്തിന്റെ ‘മമ്മന്തരം’ ബാധിപ്പിച്ച് മൂല്യ- ധര്‍മ്മ- സന്മാര്‍ഗ്ഗ നിരാസം നടത്തുകയും ചെയ്തപ്പോഴാണ് ‘കാവി’ക്ക് അയിത്തം വന്നത്. പതിറ്റാണ്ടുകള്‍ മുമ്പ് തുടങ്ങിയ ആ ആസൂത്രിത പരിപാടികളുടെ ദുരന്തത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണിപ്പോള്‍ സംഭവിക്കുന്നത്. അതിനെ അവതാരമായല്ല, അദ്ധ്വാനമായാണ് കാണേണ്ടത്. സ്വാതന്ത്ര്യലബ്ധിക്കാലത്ത്, ഗാന്ധിജി ഭാരതജനക്കൂട്ടത്തിന്റെ സമൂഹമനസ്സിനെ നിയന്ത്രിച്ചിരുന്ന കാലംവരെ ധര്‍മ്മ- സന്മാര്‍ഗ്ഗ മൂല്യത്തിന്, ബ്രിട്ടീഷ് ഭരണകാലത്തുപോലും ഒരു പരിധിവരെ സ്ഥാനമുണ്ടായിരുന്നുവെന്ന് പറയാം. ശേഷമാണ് ഭരണത്തിന്റെ ദുരന്തമഴ പെയ്തത്. ധര്‍മ്മകാലത്തേക്കുള്ള തിരികെപ്പോക്കിന്റെ മികച്ച തുടക്കകാലമാണ് ഈ അമൃതകാലം; സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടില്‍. അതുകൊണ്ടാണ് ‘സ്വാതന്ത്ര്യം സാര്‍ത്ഥക’മായെന്ന് പറയാനാവുന്നത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആ പ്രതാപകാലത്തിലേക്കുള്ള വഴിയില്‍ സുപ്രധാന നാഴികക്കല്ലു തന്നെയാകുന്നത് അങ്ങനെയാണ്.

ആ സാര്‍ത്ഥകാവസ്ഥയുടെ ഉത്സവമേളമാണ് മഹാകുംഭമേള. പ്രയാഗ്രാജിലാണതിന്റെ പ്രാഭവവും പ്രഭാവവും എങ്കിലും പ്രദേശ വ്യത്യാസമില്ലാതെ അതിന്റെ തരംഗപ്രവാഹം ഉണ്ടാവുകയാണല്ലോ; ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ കടന്ന്. അതിന് ചുക്കാന്‍ പിടിക്കുന്ന യോഗിയും കര്‍മ്മയോഗിയും ഭരണതന്ത്രത്തില്‍ മാതൃകയാകുന്നത് അങ്ങനെയാണ്. യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംന്യാസിയായ ഭരണാധികാരിയാണ്. യോഗിക്കും ഭരണമാര്‍ഗ്ഗം തെളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെ കര്‍മ്മസംന്യാസിയുമാകുന്നു. അവരുടെ ആസൂത്രണത്തില്‍ മഹാകുംഭമേള ‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷ’ങ്ങളുടെ വിളനിലമാകുന്നു. ഒന്നരലക്ഷം കോടി രൂപയുടെ പ്രത്യക്ഷവരുമാനം അര്‍ത്ഥപക്ഷത്തും, ആചാരാനുഷ്ഠാന വിശ്വാസങ്ങള്‍ സഫലമാക്കുന്നതിലൂടെ അളവില്ലാതെ ആശ്വാസം ധര്‍മ്മപക്ഷത്തും ലൗകികാഗ്രഹങ്ങളുടെ ലബ്ധിയിലൂടെ ജനകോടികള്‍ക്ക് കണക്കില്ലാത്ത കാമസാഫല്യം തീര്‍ത്ഥയാത്രാവഴിയിലും കടുത്ത വൈരാഗികള്‍ക്ക് പരമാത്മാഭിമുഖ്യത്തിലൂടെ മുമുക്ഷുത്വവും ഉളവാക്കുന്നു. ഇതിലെല്ലാം ഒരാളായി പങ്കാളിയായി ചേര്‍ന്ന് ഭരണാധികാരിയായ യോഗി, ഭരണകൂടത്തിന്റെ ലക്ഷ്യം സഫലമാക്കുന്നു. മഹാകുംഭമേളയുടെ മാതൃക ശബരിമല തീര്‍ത്ഥാടനത്തിലും തുടരാവുന്നതാണ്. അതിന് ഭക്തിവിശ്വാസങ്ങളുടെ ശബരിമല നടയില്‍ ‘വിപ്ലവാഭിനയ’ത്തിനായി കൈകെട്ടി ‘സമാധി’ നിന്നാല്‍ പോരാ. അത് ഏറെ വികലമായ മനസ്ഥിതിയാണ്. ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പ്രത്യക്ഷ’വരുമാന’ത്തിനപ്പുറം തീര്‍ത്ഥാടനകാലത്ത് സ്റ്റേറ്റിന് വന്നുചേരാവുന്ന ‘ലാഭ’ങ്ങള്‍ പലതാണ്. പക്ഷേ, ഭരണകൂടത്തിന് ശരിയായ ലക്ഷ്യബോധമില്ലാതായാല്‍ അതൊന്നും നടക്കില്ല, നടത്താനാവില്ല. ഭരണനേതൃത്വത്തിന്റെ ഈ വികല മനസ്സാണ് തുളസിച്ചെടിയോടുള്ള ‘രോമാക്രോശം’ പ്രകടിപ്പിക്കാന്‍ ഗുരുവായൂരില്‍ ‘പാരഡൈസ്’ (സ്വര്‍ഗ്ഗം) തുറന്നിരിക്കുന്നവര്‍ക്ക് ധൈര്യശക്തിയായത്. ആ അപകടമനസ്സുതന്നെയാണ് കാടാമ്പുഴ ക്ഷേത്രത്തില്‍ അന്നമൂട്ടുപുരയില്‍ ‘ബീഫ്’ ഫെസ്റ്റ് നടത്തുന്ന വീറോടെ, മതേതരത്വം പാലിച്ചവരുടെ മുമ്പില്‍, മൂഢത്വം കാട്ടിയതും.

പിന്‍കുറിപ്പ്:
ശിവഗിരിക്കുന്നില്‍ ഉദിച്ച കമ്മ്യൂണിസ്റ്റ് സനാതന ശാസ്ത്ര ചിന്ത പാലക്കാട്ട് ബ്രൂവറിയായി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കള്ള് ചെത്തരുത് കുടിക്കരുതെന്ന ഗുരുവചനം എത്ര കൃത്യതയോടെ നടപ്പാക്കുന്നു!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക