കോഴിക്കോട്: താമരശേരി കൈതപ്പൊയിലില്‍ കിടപ്പുരോഗിയായ മാതാവിനെ വെട്ടിക്കൊന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏകമകന് 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവില്‍ വീട്ടിനകത്ത് നിന്നാണ് പിടികൂടിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.മയക്കുമരുന്നിന് അടിമയായ ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞുവന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. ബെംഗളുരുവില്‍ നിന്ന് ഉമ്മയെ കാണാനെത്തിയ മകന്, അയല്‍വീട്ടില്‍ നിന്നും തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൃത്യം നടത്തിയത്.
കൊലപാതകം നടക്കുമ്പോള്‍ ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം പ്രതി വീടിനുള്ളില്‍ ഒളിച്ചിരുന്നു. പ്രതി രക്ഷപ്പെട്ടെന്ന് കരുതി അന്വേഷണം തുടങ്ങിയെങ്കിലും പോയ വഴിയില്‍ കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാര്‍ വീടിനുള്ളിലും പരിശോധിച്ചു. ഇതിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: