Categories: KeralaPalakkad

ബ്രൂവറിക്ക് പിന്നില്‍ വന്‍ അഴിമതി, സര്‍ക്കാര്‍ കാട്ടുന്നത് വിശ്വാസവഞ്ചന; കെ.സുരേന്ദ്രന്‍

ബാറുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് എട്ടുവര്‍ഷം കൊണ്ട് ബാറുകളുടെ എണ്ണം 29ല്‍ നിന്നും ആയിരത്തില്‍ അധികമാക്കി വര്‍ദ്ധിപ്പിച്ചു

Published by

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി തുടങ്ങാന്‍ ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മദ്യനയം സംബന്ധിച്ച ഇടത് മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്.

പാലക്കാടിനെ പോലെ ജലലഭ്യത കുറഞ്ഞ ജില്ലയില്‍ ഗുരുതര പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുന്നതാണ് വലിയ അഴിമതി ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഭൂഗര്‍ഭ ജലദൗര്‍ലഭ്യം വര്‍ദ്ധിക്കാന്‍ മാത്രമേ ഇത് കാരണമാവുകയുള്ളൂ.ഡല്‍ഹി മദ്യനയ അഴിമതിയില്‍ പങ്കുള്ള കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ വിശ്വാസതയും തകര്‍ക്കുന്നതാണ് ഇത്. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് ബ്രൂവറി അനുവദിച്ചത് അഴിമതിയാണെന്ന് എല്ലാവര്‍ക്കും അറിയാം.

സര്‍ക്കാര്‍ പൂര്‍ണമായും മദ്യലോബിക്ക് കീഴടങ്ങി. മദ്യലഭ്യത കുറയ്‌ക്കാനും നിരോധനം പ്രോത്സാഹിപ്പിക്കാനും ശക്തമായ നടപടികളിലൂടെയും പ്രചരണങ്ങളിലൂടെയും മദ്യത്തിനെതിരായ പൊതുജന അവബോധം വളര്‍ത്താനും ശ്രമിക്കേണ്ട സര്‍ക്കാരാണ് തങ്ങളുടെ കടമ മറന്ന് പ്രവര്‍ത്തിക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് എട്ടുവര്‍ഷം കൊണ്ട് ബാറുകളുടെ എണ്ണം 29ല്‍ നിന്നും ആയിരത്തില്‍ അധികമാക്കി വര്‍ദ്ധിപ്പിച്ചു.

2018ലും 2020ലും പിന്‍വാതിലിലൂടെ ബ്രൂവറി കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട പിണറായി വിജയന്‍ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുന്നു. 2011ല്‍ യുഡിഎഫ് കൊണ്ടുവന്ന മദ്യനയ അഴിമതിക്ക് സമാനമാണിത്. ബാര്‍ക്കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by