Kerala

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

.നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു

Published by

വയനാട് : ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍ മാനസിക വെല്ലുവിളിയുളള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

കേസിലെ വാദം നേരത്തേ പൂര്‍ത്തിയായിരുന്നു.നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ആത്മഹത്യ കുറിപ്പിന് പുറമെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി പ്രോസിക്യൂഷനും വാദിച്ചു. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ചേര്‍ത്തതോടെ ഐ സി ബാലകൃഷ്ണന്‍ വയനാട്ടില്‍ നിന്ന് മാറിനിന്നിരുന്നു. എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവി വി ഡി സതീശനും പറഞ്ഞിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നുമായിരുന്നു എംഎല്‍എ പിന്നീട് പ്രതികരിച്ചത്.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ചികിത്സയിലിരിക്കെ 27ന് മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക