ന്യൂദെൽഹി:ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി യിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിരവധി വ്യാജ വോട്ടർമാരും സിക്കുകാരല്ലാതവരും ഉൾപ്പെട്ടതായി ശിരോമണി അകാലിദൾ സെക്രട്ടറി ദൽജിത് സിംഗ് ചീമ പറഞ്ഞു. ജനുവരി 21ന് പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗം എസ്ജിപിസി തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ശിരോമണി അകാലിദൾ ആക്ടിംഗ് പ്രസിഡന്റ് ബൽവീന്തർ സിംഗ് ഭുന്ദർ,എസ്ജിപിസി പ്രസിഡന്റ് ഹർജി ന്ദർസിംഗ് ധാമി,സ ശിരോമണി അകാലിദൾ മുൻ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ സർക്കാരിന്റെ ആശീർവാദത്തോടെ എസ്ജിപിസി തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ വൻതോതിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായി സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും പാർട്ടിക്ക് റിപ്പോർട്ടു ലഭിച്ചിട്ടുണ്ടെന്ന് പാർട്ടി സെക്രട്ടറി ദൽജിത്ത് സിംഗ് ചീമ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ശിരോമണി അകാലിദൾ നേതാക്കളും പ്രവർത്തകരും ഗുരുദ്വാര തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷിച്ച വോട്ടർമാരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം സിംഗ്, കൗർ എന്നീ പേരുകളില്ലാത്ത ധാരാളം വോട്ടർമാരെ ഈ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഗുരുദ്വാര കമ്മീഷൻ മുമ്പാകെ എതിർപ്പുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയായ ജനുവരി 23ന് മുമ്പ് പാർട്ടി പഞ്ചാബ് സംസ്ഥാനത്ത് നിന്ന് മുഴുവൻ തെളിവുകൾ ശേഖരിക്കുമെന്നും തെറ്റായി ഉൾപ്പെടുത്തിയ മുഴുവൻ വോട്ടുകളും റദ്ദാക്കാനുള്ള നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ എസ്ജിപിസി അംഗങ്ങൾ അവരുടെ പ്രദേശങ്ങളിലെ വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കണമെന്നും അതുവഴി അത്തരം ക്രമക്കേടുകൾ കണ്ടെത്തി എല്ലാ കള്ളവോട്ടുകളും ഇല്ലാതാക്കുമെന്ന് ഉറപ്പ് വരുത്തണമെന്നും ചീമ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: