പുനെ: കഴിഞ്ഞ 20 വർഷമായി രാജ്യത്ത് അനധികൃതമായി താമസിച്ചതിന് 34 കാരനായ ബംഗ്ലാദേശി പൗരനെ പൂനെയിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ നിന്നുള്ള എഹ്സാൻ ഷെയ്ഖാണ് പിടിയിലായത്.
ഇയാൾ നഗരത്തിലെ മഹർഷിനഗർ പ്രദേശത്ത് ഒരു വസ്ത്രക്കട നടത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഷെയ്ഖിന്റെ ദേശീയതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പ്രാദേശിക ഹിന്ദു സംഘടനാ അംഗങ്ങൾ ഇയാളെ സ്വാർഗേറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
അന്വേഷണത്തിനിടെ ഷെയ്ഖ് തന്റെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും നൽകുന്നതിൽ പരാജയപ്പെട്ടു. തുടർന്ന് താൻ ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ സോങ്കണ്ട ബസാർ സ്വദേശിയാണെന്നും 2004 ൽ കൊൽക്കത്ത വഴി അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും ഇയാൾ സമ്മതിച്ചുവെന്നും സ്വാർഗേറ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗ്ലാദേശി ഏജന്റിന്റെ സഹായത്തോടെ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് ഷെയ്ഖ് ആദ്യം വ്യാജ ജനന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നുവെന്ന് പറഞ്ഞു. പിന്നീട് പ്രതി മുംബൈയിലേക്ക് താമസം മാറുകയും 2009-ൽ പിംപ്രി-ചിഞ്ച്‌വാഡിലെ ഭോസാരിയിലേക്ക് താമസം മാറുകയുമായിരുന്നു. 2012 ആയപ്പോഴേക്കും പ്രതി മഹർഷിനഗർ പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നു.
അവിടെ ഇയാൾ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് ഒരു മൊത്തവ്യാപാര വസ്ത്രക്കടയിൽ ജോലി ചെയ്തിരുന്നു. പ്രതി വ്യാജ ആധാർ കാർഡ്, വോട്ടർ ഐഡി, ഇന്ത്യൻ പാസ്‌പോർട്ട്, പാൻ കാർഡ് എന്നിവ നേടിയെടുത്തിരുന്നുവെന്നും പോലീസ് ഇയാളിൽ നിന്ന് ആറ് വിദേശ കറൻസികൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. 1946-ലെ വിദേശ നിയമത്തിലെയും 1967-ലെ പാസ്‌പോർട്ട് നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക