ന്യൂദെൽഹി:തൊഴിൽ തേടിപ്പോയവരെ ബലമായി കൂലിപട്ടാളക്കാരാക്കിയപ്പോൾ ജീവൻ നഷ്ടപ്പെട്ടവരാണ് റഷ്യയിൽ കൊല്ലപ്പെട്ട 12 ഇന്ത്യക്കാർ. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് ഏജൻ്റുമാരുടെ കെണിയിലകപ്പെട്ട് എകെ 12 തോക്കുകൾ ബലമായി കയ്യിൽ നൽകി റഷ്യയുടെ കൂലിപടയാളികളായി പോയ 16 ഇന്ത്യക്കാരെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്. ഭാഗ്യാന്വേഷികളായ ഈ തൊഴിലന്വേഷകർ ശത്രുവിന്റെ വെടിയുണ്ടകളേറ്റവാങ്ങിയും മൈൻ സ്ഫോടനങ്ങളിലും ജീവൻ നൽകേണ്ടി വന്നവരാണ് ഈ 12 പേർ. ഇത്തരത്തിൽ 126 ഇന്ത്യക്കാരാണ് വഞ്ചിതരായി റഷ്യൻ കൂലി പടയാളികളായവർ. ഇവരിൽ 16 പേർ എവിടെയാണെന്ന അന്വേഷണത്തിലാണ് ഇന്ത്യൻ സർക്കാർ.
റഷ്യ – ഉക്രൈൻ യുദ്ധത്തിലാണ് 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ നടത്തിയ മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. റഷ്യൻ ആർമിയിൽ ജോലി ചെയ്യുന്ന 126 ഇന്ത്യൻ പൗരന്മാരെ കുറിച്ചുള്ള വിവരമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഈ 126 കേസുകളിൽ 96 പേർ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. റഷ്യൻ സായുധസേനയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ഇന്ത്യയിലേക്ക് മടങ്ങിയവരാണ് ഇവർ. 18 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും റഷ്യൻ സേനയിൽ തങ്ങളുടെ സേവനം തുടരുന്നുണ്ട്. അവരിൽ 16 പേർ എവിടെയാണെന്ന് വ്യക്തമല്ല. അവരെ കാണാനില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇന്ത്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനുമായുള്ള സംഘർഷത്തിനിടെ മലയാളിയായ ബിനിൽ ബാബു എന്ന ഇന്ത്യൻ പൗരൻ ഈ അടുത്ത ദിവസം കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി ചർച്ച തുടരുകയാണ്. മറ്റൊരു മലയാളിയായ ജയിൻ ടി കെ മോസ്കോയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയായാൽ ജയിനും ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. ബിനിൽ ബാബുവിന്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും കുടുംബത്തെ അനുശോചനം അറിയിച്ചുവെന്നും ജയ്സ്വാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനായി നമ്മുടെ എംബസി റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്’ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: