ന്യൂദല്‍ഹി: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കുക എന്ന അതീവദുര്‍ഘടം പിടിച്ച ദൗത്യമായ സ്പേസ് ഡോക്കിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കി ഇസ്രോ (ഐഎസ് ആര്‍ഒ). എസ്ഡിഎക്സ് 01, എസ് ഡിഎക്സ് 02 എന്നീ രണ്ട് ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശ ഭ്രമണപഥത്തില്‍ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് ഐഎസ് ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്.
സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്‍റ് (SPAce Docking EXperiment- SPADEX )എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കപ്പേരായി സ്പെയ്ഡെക്സ് എന്നാണ് ഈ ദൗത്യത്തിന് ഐഎസ്ആര്‍ഒ പേരിട്ടിരുന്നത്.
അമേരിക്കന്‍ വാര്‍ത്താ ചാനലായ സിഎന്‍എന്‍ പങ്കുവെച്ച വാര്‍ത്ത:
സെക്കന്‍റില്‍ വെറും പത്ത് മില്ലിമീറ്റര്‍ വേഗതയില്‍, അതീവ സാവധാനത്തില്‍ ഈ രണ്ട് ഉപ ഗ്രഹങ്ങള്‍ തമ്മിലടുത്ത് സംയോജിക്കുകയാണ് ചെയ്തതെന്ന് അമേരിക്കയിലെ വാര്‍ത്താ ചാനലായ സിഎന്‍എന്‍ പറയുന്നു.
ഇന്ത്യയുടെ സ്പേഡെക്സ് എന്ന പേരിലുള്ള സ്പെയ്സ് ഡോക്കിങ്ങ് വിജയിച്ചതായി ഐഎസ് ആര്‍ഒയും അവരുടെ എക്സ് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത് ചരിത്രനിമിഷമാണെന്നും ഐഎസ്ആര്‍ഒ പറയുന്നു. ഡോക്കിങ്ങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
വരും നാളുകളുടെ ബഹിരാകാശദൗത്യത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന കാല്‍വെയ്പാണ് ഇതെന്നും മോദി എക്സില്‍ കുറിച്ചു.
ഇതോടെ ഇന്ത്യ ഒരു ആഗോള ബഹിരാകാശശക്തിയായി മാറിയിരിക്കുകയാണ്. സ്പേസ് ഡോക്കിങ്ങ് നടത്താന്‍ കഴിയുന്ന ലോകത്തിലെ നാലാമത്തെ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ സ്പേസ് ഡോക്കിങ്ങ് വിജയകരമായി നടത്തിയിട്ടുള്ളത്.
സ്പെയ്ഡെക്സ് ദൗത്യത്തിനുള്ള 220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ഇന്ത്യന്‍ നിര്‍മ്മിത പിഎസ്എല്‍വി റോക്കറ്റ് ആന്ധ്രയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നും പറന്നുയര്‍ന്നത് ഡിസംബര്‍ 30നായിരുന്നു. വെറും 220 കിലോഗ്രാം വീതം മാത്രം ഭാരമുള്ള ഈ രണ്ട് ഉപഗ്രഹങ്ങളെ യഥാക്രമം ചേസര്‍(എസ്ഡിഎക്സ് 01) എന്നും ടാര്‍ഗറ്റ് (എസ് ഡിഎക്സ് 02) എന്നുമാണ് വിളിച്ചിരുന്നത്.
2035ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുകയും 2040ഓടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുകയും ചെയ്യുക എന്ന ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിലെ നിര്‍ണ്ണായക ചുവടുവെയ്പായിരുന്നു ഡോക്കിങ്ങ് പരീക്ഷണം. ഇതില്‍ ഇന്ത്യ വിജയിച്ചു കഴിഞ്ഞു. ബഹിരാകാശത്ത് അഞ്ച് മൊഡ്യൂളുകള്‍ എത്തിച്ച ശേഷം അവ കൂട്ടിയോജിപ്പിച്ചാണ് ബഹിരാകാശ നിലയം സ്ഥാപിക്കേണ്ടത്. ഇതില്‍ ആദ്യത്തെ മൊഡ്യൂള്‍ 2028ല്‍ വിക്ഷേപിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ചന്ദ്രനില്‍ നിന്നും സാമ്പിള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നാലാമത്തെ ചന്ദ്രയാന്‍ ദൗത്യത്തിലും ഡോക്കിങ്ങ് ആവശ്യമായി വരും. ഇന്ത്യയുടെ ബഹിരാാശ ദൗത്യങ്ങളില്‍ അടുത്ത തലമുറയ്‌ക്കുള്ള വേദിയൊരുക്കുക കൂടിയാണ് സ്പെയ്ഡക്സ് ദൗത്യത്തിലൂടെ ഇന്ത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക