Kerala

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ശിശു ക്ഷേമ സമിതി അംഗത്തെ സ്ഥാനത്ത്് നിന്ന് നീക്കി

കാര്‍ത്തികയുടെ ഭര്‍ത്താവ് സി പി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ദാസ് ഒന്നാം പ്രതിയും കാര്‍ത്തിക നാലാം പ്രതിയുമാണ്

Published by

പത്തനംതിട്ട: ആറു വയസുള്ള കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പത്തനംതിട്ട ശിശു ക്ഷേമ സമിതി അംഗം അഡ്വ. എസ്. കാര്‍ത്തികയെ സ്ഥാനത്ത്് നിന്ന് നീക്കി. മലയാലപ്പുഴ സ്വദേശിനി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മലയാലപ്പുഴ പൊലീസാണ് കേസ് എടുത്തത്. കാര്‍ത്തികയുടെ ഭര്‍ത്താവ് സി പി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ദാസ് ഒന്നാം പ്രതിയും കാര്‍ത്തിക നാലാം പ്രതിയുമാണ്. അര്‍ജുന്‍ ദാസിനെ അടുത്തിടെ സിപിഎം പുറത്താക്കിയിരുന്നു.

ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. അനധികൃത പാറ കടത്തില്‍ അര്‍ജുന്‍ ദാസിനെതിരെ സി പി എം അംഗങ്ങള്‍ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. പാറ കടത്തിനെതിരെ പരാതി നല്‍കിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിഡബ്ല്യുസി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.

തര്‍ക്കത്തിനൊടുവില്‍ സി പി എം പ്രവര്‍ത്തകര്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവം ഉണ്ടായിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നും മലയാലപ്പുഴ പൊലീസ് അന്യായമാണ് കേസെടുത്തതെന്നും കാര്‍ത്തിക പ്രതികരിച്ചു. ഇതിനെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക