ന്യൂദെൽഹി:ഇന്ന് റിലീസ് ചെയ്ത എമർജൻസി എന്ന സിനിമയ്‌ക്ക് മികച്ച പ്രതികരണം. സിനിമയെ മാസ്റ്റർപീസ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിളിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും 1975 മുതൽ 77 വരെയുള്ള കുപ്രസിദ്ധമായ അടിയന്തരാവസ്ഥ കാലഘട്ടത്തെയും അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമ ഇന്ന് പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെക്കുറെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയിൽ കങ്കണ റാവത്തിന്റെ അഭിനയത്തെ കുറിച്ച് വളരെയേറെ പ്രശംസയോടെയാണ് ആരാധകർ പ്രതികരിക്കുന്നത്. സിനിമയിലെ അനുപം ഖേറിന്റെ അഭിനയത്തെയും ഏറെ പുകഴ്‌ത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. സിനിമയുടെ ആത്മാവാണ് അനുപം ഖേറിന്റെ കഥാപാത്രമെന്ന് ഒട്ടേറെ പേരാണ് ചൂണ്ടിക്കാട്ടുന്നത്. ചിലർ കങ്കണയുടെ സംവിധാനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇന്ദിരാഗാന്ധിയായി അഭിനയിച്ച കങ്കണ ശരിക്കും ഇന്ദിരയെപ്പോലെ ജീവിക്കുകയായിരുന്നുവെന്നാണ് പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. ഇന്ദിരയുടെ ശരീരഭാഷയും ശബ്ദവും അവരുടെ സാന്നിധ്യവും പ്രകടമാക്കുന്ന അഭിനയത്തിൽ കങ്കണ 100% നീതിപുലർത്തിയെന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു. കങ്കണയെ ദേശീയ അവാർഡ് കാത്തിരിക്കുന്നതായും ചിലർ രേഖപ്പെടുത്തുന്നുണ്ട്. റിതേഷ് ഷായുടെ തിരക്കഥയിൽ കങ്കണ തന്നെ സംവിധാനം ചെയ്ത സിനിമയിൽ ഇന്ദിരാഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപാഡെയും മൊറാർജി ദേശായിയായി അശോക് ഛബ്രയും ഫീൽഡ് മാർഷൽ സാം മനേക്ഷയായി മിലിന്ദ് സോമനും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക