ഗുരുവായൂര്‍: ഇതരമതവിശ്വാസിയായ യുവാവ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയ ഗുരുവായൂരിലെ തുളസിത്തറയില്‍ ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിശ്വ ഹിന്ദു പരിഷത്ത്. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധവും ഉടലെടുത്തിരുന്നു.
ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹക്കീം (48) എന്നയാള്‍ ആണ് ഗുരുവായൂരിലെ ഒരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പ്രചരിപ്പിച്ചത്. ഇയാള്‍ ഗുരുവായൂരില്‍ തന്നെ നാഷണല്‍ പാരഡൈസ് റെസ്റ്റോറന്റ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്നയാളാണ്.
25 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാള്‍ മാനസിക രോഗിയാണെന്ന തരത്തിലുള്ള പോലീസിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് പോസ്റ്റ് പിന്‍വലിച്ചു. ഇയാളുടെ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു തന്റെ പ്രവര്‍ത്തിയെന്ന് ഉള്‍പ്പെടെ യുവാവ് സമ്മതിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് ഗുരുവായൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പൂജകള്‍. വിഎച്ച്പി ജില്ലാ ജോ. സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് വിശ്വാസി സമൂഹത്തിന് വേണ്ടി തുളസിത്തറയില്‍ ശുദ്ധികലശവും തുളസി വന്ദനവും നടത്തിയത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക