India

ദെൽഹിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാരും എഎപിയെ കൈവിടുന്നു

പിന്തുണയുമായി പ്രധാന യൂണിയനുകൾ

Published by

ന്യൂദെൽഹി:ആം ആദ്മി പാർട്ടി രൂപം കൊണ്ടത് മുതൽ ദെൽഹിയിൽ അവരുടെ വോട്ട് ബാങ്ക് ആയി പ്രവർത്തിച്ചിരുന്ന ദേശീയ തലസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആം ആദ്മി പാർട്ടിയോടുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നു. ഇത്തവണ ദെൽഹിയിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രമുഖ സംഘടനയായ ദെൽഹി ഓട്ടോറിക്ഷ സംഘ് ഉൾപ്പെടെയുള്ള പ്രമുഖ യൂണിയനുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പരസ്യമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ദെൽഹിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിർണായകമായ സ്വാധീനമുള്ള ദെൽഹി ഓട്ടോ റിക്ഷ സംഘ് അഥവാ ഡിഎആർ എസ് ശക്തമായ പിന്തുണയാണ് ബിജെപിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസവും ദെൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ഓട്ടോ ഡ്രൈവർമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നൽകിയ വാഗ്ദാനങ്ങളും കണക്കിലെടുത്താണ് തങ്ങൾ ബിജെപിക്ക് പിന്തുണ നൽകുന്നതെന്ന് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ 70,000 ഓട്ടോറിക്ഷ ഡ്രൈവർമാർ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്നും രാജേന്ദ്ര സോണി വ്യക്തമാക്കി. രാജേന്ദ്ര സോണി കെജരിവാളനും ആം ആദ്മി പാർട്ടി സർക്കാരിനും എതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. വർഷങ്ങളായി ഞങ്ങൾ പിന്തുണ നൽകിയെങ്കിലും ഞങ്ങളെ അവർ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ എഎപി ഒന്നും ചെയ്തിട്ടില്ല. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് സർക്കാർ 10,000 രൂപ മുതൽ 40,000 രൂപ വരെ പിഴ ചുമത്തിയിരുന്നതായി മുൻ സർക്കാരുകളെ കുറിച്ച് പറയവേ അദ്ദേഹം ആരോപിച്ചു. ഈ പിഴകൾ പിന്നീട് പരിഷ്കരിച്ചങ്കിലും ആ പ്രക്രിയയിൽ ഓട്ടോ ഡ്രൈവർമാരെ കെജരിവാൾ സർക്കാർ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ 11 വർഷമായി അരവിന്ദ് കെജ്രിവാളിന്റെ സർക്കാരിന്റെ കാലത്ത് സ്ഥിതി കൂടുതൽ വഷളായതായി അദ്ദേഹം പറഞ്ഞു. ഇത്രയും വർഷങ്ങളിൽ ഓട്ടോ ഡ്രൈവർമാർക്ക് കെജ്രിവാൾ ഒന്നും ചെയ്തിട്ടില്ല. റോഡ് അപകടത്തിൽ പെട്ടവർക്ക് തന്റെ സർക്കാർ 5 ലക്ഷം രൂപ നൽകുമെന്നും മെഡിക്കൽ കവറേജ് അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹം ഇത് എങ്ങനെ നടപ്പാക്കുമെന്നാണ് ഞാൻ ചോദിക്കുന്നത്. ഫയലുകളിൽ ഒപ്പിടാൻ പോലും അദ്ദേഹത്തിന് അധികാരമില്ല. ഒരു പതിറ്റാണ്ടായി നമ്മെ വഞ്ചിക്കുന്ന ഒരാളെ നമുക്ക് എങ്ങനെ വിശ്വസിക്കാനാകും? 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതി പാവപ്പെട്ടവർക്ക് വീട് വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്രസർക്കാർ സംരംഭങ്ങൾ ദെൽഹിയിൽ കെജ്‌രിവാൾ നടപ്പിലാക്കിയില്ലെന്നും സോണി ആരോപിച്ചു. ഡ്രൈവർമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ഒരിക്കലും ഞങ്ങളെ വിളിച്ചിട്ടില്ല. ഞങ്ങളുടെ യൂണിയനെ അഭിമുഖീകരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല’ പകരം രജിസ്റ്റർ ചെയ്യാത്ത ചില യൂണിയനുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. ഓട്ടോ ഡ്രൈവർമാരുടെ സംഘടനക്കൊപ്പം ഓട്ടോമോട്ടീവ് പാർട്സ് മർച്ചന്റ്സ് അസോസിയേഷനും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് വിനയ് നാരംഗ് ദെൽഹിയിലെ എഎപി സർക്കാരിന്റെ ഭരണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ശുചിത്വം, ടോയ്‌ലറ്റുകൾ, കുടിവെള്ളം, പാർക്കിംഗ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളുമായി എഎപി കൗൺസിലർമാരെയും എംഎൽഎമാരെയും പലതവണ സമീപിച്ചിട്ടും ഒരു പരിഹാരവും കൈക്കൊണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സർക്കാരും തങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ബിജെപിക്ക് പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തടസ്സം നിന്നപ്പോഴും ബിജെപി എംപി പ്രവീൺ ഖണ്ടേൽവാൾ ഞങ്ങളെ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ സർവ്വവ് വ്യാപാരമണ്ഡലിന്റെ പ്രസിഡൻ്റ് സഞ്ജയ് ഭാർഗവും ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം, വെള്ളക്കെട്ട്, വ്യാപാരികൾ നേരിടുന്ന മറ്റു നിരവധി വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിൽ എഎപി സർക്കാർ തികഞ്ഞ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇവിടെ നിന്നുള്ള എംഎൽഎ ശ്രമം നടത്തിയില്ല.

ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏഴ് പദ്ധതികളാണ് ബിജെപി വാഗ്ദാനം നൽകിയിട്ടുള്ളത്. സൗജന്യ വിദ്യാഭ്യാസവും സ്കോളർഷിപ്പുകളും അതുപോലെ ലൈഫ് ഇൻഷുറൻസ് സ്കീം, ഭവന നിർമ്മാണ പദ്ധതി, ആൾട്ട് ആൻ്റ് ഗോ സ്റ്റാൻഡുകൾ, കണക്ടിവിറ്റി പദ്ധതി, ഇലക്ട്രിക് ഓട്ടോ സബ്സിഡി, അഴിമതി വിരുദ്ധ സമിതികൾ എന്നീ പദ്ധതികളാണ് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വകുപ്പിന് കീഴിൽ ഓട്ടോ ഡ്രൈവർമാർക്ക് ഒരു പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതി 2025 സെപ്റ്റംബർ 17 മുതൽ ആരംഭിക്കുമെന്നതാണ് ഒരു പ്രധാന വാഗ്ദാനം. ഭവനരഹിതരായ ഓട്ടോ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആനുകൂല്യങ്ങൾ നൽകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by