Kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം : മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും : റിതു ജയൻ മൂന്നോളം കേസുകളിൽ പ്രതി

പ്രതി എത്തിയത് ജിതിനെ അക്രമിക്കാൻ തീരുമാനിച്ച്. തടയാൻ ശ്രമിച്ച കുടുംബത്തെയും ആക്രമിച്ചു. സഹോദരിയെ കുറിച്ച് ജിതിൻ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയൻ്റെ മൊഴി

Published by

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതികുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

പ്രതി എത്തിയത് ജിതിനെ അക്രമിക്കാൻ തീരുമാനിച്ച്. തടയാൻ ശ്രമിച്ച കുടുംബത്തെയും ആക്രമിച്ചു. സഹോദരിയെ കുറിച്ച് ജിതിൻ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി.

അതേ സമയം കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയൽവാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു.

ഇവരെ കൂടാതെ രണ്ട് പെൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. കുട്ടികൾക്ക് പരിക്കില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ റിതുവിനെതിരെ സമീപവാസികൾക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ട കുടുംബം ഉൾപ്പെടെ പലരും ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഇയാൾ മാനസിക രോഗത്തിനുള്ള സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും അയൽവാസികൾ പറയുന്നു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.

റിതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണെന്നും. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലാണ്. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by