തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു.
ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.
സാമ്പത്തിക മേഖലയിൽ കേന്ദ്രനയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന കുറ്റപ്പെടുത്തലും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകും.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കും മുൻഗണന നൽകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കും, ഗവർണർ പറഞ്ഞു.
മാര്‍ച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരില്ല.
ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും ആദ്യസമ്മേളനം കൂടിയാണിത് എന്നതും പ്രത്യേകതയാണ്. അതേസമയം രാജിവെച്ച പി.വി. അന്‍വര്‍ സഭയിലുണ്ടാകില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂപർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സമ്പൂപർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക