ന്യൂദെൽഹി:ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കോൺഗ്രസ് പാർട്ടിയെ പോലെയായെന്ന് പാർട്ടി നേതൃ സമ്മേളനത്തിൽ സീനിയർ നേതാവിന്റെ കുറ്റപ്പെടുത്തൽ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞദിവസം രത്നഗിരി ജില്ലയിലെ മുതിർന്ന ഭാരവാഹികളുടെ യോഗത്തിലാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നിയമസഭ നേതാവായ ഭാസ്കർ ജാതവ് തന്നെ ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. “പറയുന്നതിൽ നിരാശയുണ്ട്. പക്ഷേ നമ്മുടെ പാർട്ടി കോൺഗ്രസിനെ പോലെയായിരിക്കുന്നു. പ്രവർത്തിക്കാത ഭാരവാഹികളെയും നേതാക്കളെയും മാറ്റാൻ നാം ധൈര്യപ്പെടുന്നില്ല. മുതിർന്ന നേതാക്കളുടെയും ഭാരവാഹികളുടെയും നിർദ്ദേശങ്ങൾ കേൾക്കാൻ ആരുമില്ല. ജാതവ് യോഗത്തിൽ പറഞ്ഞു പാർട്ടിയുടെ മുതിർന്ന നേതാവ് വിനായക് റാവത്തിന്റെ സാന്നിധ്യത്തിലായിരുന്നു മുതിർന്ന നേതാവിന്റെ ഞെട്ടിപ്പിക്കുന്ന ഈ അഭിപ്രായപ്രകടനം. പാർട്ടി ഭാരവാഹികൾക്ക് ഒരു നിശ്ചിത കാലാവധി ഉണ്ടാകണമെന്നും ജാതവ് ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തകർ സംഘടനക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണ്. പക്ഷേ നിർഭാഗ്യവശാൽ പണം നൽകുന്നവരെയാണ് നേതാക്കൾ അനുകൂലിക്കുന്നത്. നേതാക്കൾ സത്യസന്ധരാണെങ്കിൽ മാത്രമെ പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്യുകയുള്ളു. ശിവസേന തീയാണ്. എന്നാൽ ചിലപ്പോൾ നമുക്ക് കനലിലൂടെ നടക്കേണ്ടി വരും. പാർട്ടിപ്രവർത്തകർ ഉത്തരവാദിത്വം കാണിക്കേണ്ടത് പ്രധാനമാണ്. ഒരു ദശാബ്ദകാലം നല്ല പ്രകടനം നടത്താതെ തങ്ങളുടെ സ്ഥാനങ്ങൾ അലങ്കരിച്ചവരെ മുഴുവൻ സ്ഥാനത്ത് നിന്ന് മാറ്റണം. 150 വോട്ടർമാരുള്ള ഒരു ഗ്രാമത്തിൽ മൂന്ന് ശാഖാ പ്രമുഖർ എന്തിന് വേണ്ടിയാണ് ? നമ്മൾ ഇത് തീർച്ചയായും അവലോകനം ചെയ്യേണ്ടതുണ്ട്. ഒരു ഭാരവാഹിയുടെ കാലാവധി മൂന്നുവർഷത്തിൽ കൂടരുത്. ജാതവ് ആവശ്യപ്പെട്ടു. ജാതവിന്റെ ഈ അഭിപ്രായപ്രകടനം നാണക്കേടായെന്നാണ് പാർട്ടി നേതൃത്വം വിശ്വസിക്കുന്നത്. നിർണായക സമയങ്ങളിൽ മുതിർന്ന നേതാക്കൾ എന്താണ് പറയുന്നതെന്ന് ആലോചിക്കണമെന്നാണ് ശിവസേന എംപി സഞ്ജയ് റാവത്ത് ഇതിനെ കുറിച്ച് പറഞ്ഞത്. മുതിർന്ന നേതാക്കളെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കേണ്ടതുണ്ട്. ഞങ്ങൾ തീർച്ചയായും ഇത് ഭാസ്കർ ജാതവുമായി ചർച്ചചെയ്യും. റാവത്ത് പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര പ്രവർത്തനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ജാതവ് പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക