ന്യൂദെൽഹി:കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മീഷന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമായത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷൻ രൂപീകരിച്ചത്. കമ്മീഷൻ ചെയർമാനെയും രണ്ടംഗങ്ങളെയും ഉടൻ നിയമിക്കുമെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒരു ദശാബ്ദത്തിൽ ഒരിക്കലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളഘടന പരിഷ്കരിക്കുന്നതിനായി ഒരു ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 49 ലക്ഷത്തിലധികം കേന്ദ്രസർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻ കാര്യമാണ് രാജ്യത്തുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016ൽ രൂപീകരിച്ചു. അതിന്റെ കാലാവധി 2026 ൽ അവസാനിക്കും.
ഏഴാം ശമ്പള കമ്മീഷനിലെ ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിൽ എംപ്ലോയീസ് യൂണിയനുകൾ 3.68 ഫിറ്റ്മെൻ്റ് ഫാക്ടർ ആണ് ആവശ്യപ്പെട്ടതെങ്കിലും സർക്കാർ 2.57 ഫിറ്റ്മെൻ്റ് ഫാക്ടറാണ് തീരുമാനിച്ചത്. ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ് മെൻ്റ് ഫാക്ടർ. ആറാം ശമ്പള കമ്മീഷനിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 രൂപയായിരുന്നു. ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോൾ പ്രതിമാസം അത് 18,000 രൂപയായി വർദ്ധിച്ചു. കുറഞ്ഞ പെൻഷൻ 3500 രൂപയിൽ നിന്ന് 9000 രൂപയായി ഉയർന്നു. പരമാവധി ശമ്പളം 2 , 50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: