മൂന്നു ജലരാജാക്കന്മാര്‍കൂടി കടലില്‍ ഇറങ്ങിയതോടെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യത്തിന് ഭാരതം അടിവരയിട്ടു. രണ്ടു മിസൈല്‍ വേധാ യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷന്‍ ചെയ്തത്. സേനാംഗങ്ങളുടേയും കപ്പലുകളുടേയും എണ്ണത്തിലും അത്യാധുനിക സജ്ജീകരണങ്ങളുടെ കാര്യത്തിലും പ്രഹര ശേഷിയിലും ലോകത്ത് ആരോടും കിടപിടിക്കാന്‍ പോന്ന നിലവാരത്തിലാണ് ഭാരതം ഇന്ന്. തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച യുദ്ധക്കപ്പലുകളിലൂടെ നിര്‍മാണ രംഗത്തേയും സാങ്കേതിക രംഗത്തേയും മികവും ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുന്നു. ആകാശത്തും ഭൂമിയിലും കടലിലും കരുത്ത് ആര്‍ജിച്ച് രാജ്യത്തെ സുരക്ഷിത വലയത്തിലാക്കുന്ന പ്രക്രിയയുടെ ഭാഗമാണ് മൂന്ന് ഭീമന്‍ കപ്പലുകളുടെ കടലിറക്കം. ഏറെക്കാലമായി തുറന്നു കിടന്നിരുന്ന അതിര്‍ത്തികള്‍ അടച്ചു സുരക്ഷിതമാക്കാനുള്ള ബൃഹത്പദ്ധതിക്ക് മോദി സര്‍ക്കാരിന്റെ വരവോടെ തുടക്കമിട്ടിരുന്നു. അതിനൊപ്പം ജല, വായു മാര്‍ഗമുള്ള ഭീഷണികളെ തടയുകയും രാഷ്‌ട്ര സുരക്ഷയുടെ അടിസ്ഥാന കാര്യവുമാണ്. അതിലേയ്‌ക്കുള്ള ശക്തമായ കാല്‍വയ്പുകളാണ് അടുത്തുകാലത്തു നടന്നു വരുന്നത്.
മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന കമ്മിഷനിങ് ചടങ്ങ് രാജ്യത്തെ നാവികശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു. മിസൈല്‍ വേധാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നിവയ്‌ക്കൊപ്പം ഡീസല്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗ്ശീരും എത്തുന്നതോടെ ഭാരതത്തിന്റെ നാവികശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച മൂന്ന് യുദ്ധക്കപ്പലുകളും ഭാരതത്തിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ശക്തി കൂടിയാണ് തെളിയിക്കുന്നത്.
ഫ്രഞ്ച് സ്‌കോര്‍പിയന്‍ മാതൃകയിലാണ് മുങ്ങിക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭാരത നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് മറ്റു രണ്ട് കപ്പലുകളുടെ മാതൃക തയ്യാറാക്കിത്. തദ്ദേശീയ യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ ഭാരതത്തിന്റെ വലിയ മുന്നേറ്റത്തിന് പുതിയ കപ്പലുകള്‍ വഴിതുറക്കും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുദ്ധക്കപ്പല്‍ നിര്‍മാണത്തിനായി ആരംഭിച്ച പ്രോജക്ട് 15ന്റെ ഭാഗമായ അവസാന യുദ്ധക്കപ്പലാണ് ഐഎന്‍എസ് സൂറത്ത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തില്‍ ഐഎന്‍എസ് ദല്‍ഹി, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് കൊച്ചി തുടങ്ങി പത്തോളം യുദ്ധകപ്പലുകള്‍ വിവിധ ഭാരതീയ നഗരങ്ങളുടെ പേരില്‍ പുറത്തിറങ്ങി. ഈ പരമ്പരയില്‍ അവസാനത്തേതായി ഇറങ്ങുന്ന ഐഎന്‍എസ് സൂറത്ത് ലോകത്തെ തന്നെ ഏറ്റവും അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍വേധാ യുദ്ധക്കപ്പലാണ്.
ഏറ്റവും പുതിയ ആയുധങ്ങളും ഭൂതല മിസൈലുകളും കപ്പല്‍വേധാ മിസൈലുകളും മുങ്ങിക്കപ്പല്‍ വേധാ ടോര്‍പ്പിഡോകളും റോക്കറ്റുകളും മീഡിയം റേഞ്ച് തോക്കുകളുമെല്ലാം ഐഎന്‍എസ് സൂറത്തിനെ കരുത്തുറ്റതാക്കുന്നു. നാവികസേനയുടെ പ്രോജക്ട് 17 എയുടെ ഭാഗമായി വികസിപ്പിച്ച മിസൈല്‍വേധാ യുദ്ധക്കപ്പലാണ് ഐഎന്‍എസ് നീലഗിരി. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇതിന്റെയും പ്രഹരശേഷി ഉയര്‍ത്തുന്നത്.
കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലുകളിലെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ മണലില്‍ പൂണ്ടുകിടക്കുന്ന പ്രത്യേകതരം മീനിന് നല്‍കിയ പേരാണ് വാഗ്ശീര്‍. അതേ പേര് മുങ്ങിക്കപ്പലിനും നല്‍കിയതിന്റെ ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപനായ ഭാരത നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നതു തന്നെ. ഡീസല്‍-ഇലക്ട്രിക് അറ്റാക്കിങ് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍.
രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഭാരതത്തിന്റെ യുദ്ധക്കപ്പല്‍ നിര്‍മാണ പദ്ധതികളുടെ ഗതിവേഗം ഉയരുകയും വലിയ നേട്ടങ്ങളിലേക്ക് എത്തുകയുമാണ്. 1,42,000 അംഗങ്ങളുള്ള ഭാരത നാവിക സേനയുടെ പ്രധാന പ്രഹരശേഷി രണ്ട് എയര്‍ക്രാഫ്റ്റ് കാരിയറുകളടങ്ങുന്ന 294 യുദ്ധക്കപ്പലുകളാണ്. ഒരു ആണവ മുങ്ങിക്കപ്പലും 17 മുങ്ങിക്കപ്പലുകളും ഭാരത നാവിക സേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപരാക്കി നിലനിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക