പത്തനംതിട്ട: അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 113-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതല്‍ 9 വരെ പമ്പാ മണല്‍പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ നടക്കും. 2ന് രാവിലെ 11ന് ഘോഷയാത്രകള്‍ക്ക് സ്വീകരണം. 11.20ന് പതാക ഉയര്‍ത്തല്‍. വൈകിട്ട് 4ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
3ന് വൈകിട്ട് 3.30ന് ധര്‍മാചാര്യസഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമം അധിപതി പരമപൂജ്യ മുനി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും. 4ന് രാവിലെ 10.30ന് നടക്കുന്ന മാധ്യമവിചാരത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും.
5ന് രാവിലെ 10.30ന് മക്കളെ അറിയാന്‍ എന്ന വിഷയത്തില്‍ ഡോ. അനൂപ് വൈക്കം പരിശീലനം നടത്തും. 6ന് രാവിലെ 8.30 മുതല്‍ വിവിധ സമിതികളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ നാരായണീയ പാരായണം നടത്തും. വൈകിട്ട് 3.30ന് സംബോധ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ആദ്ധ്യാത്മാനന്ദ സരസ്വതിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിസ്ഥിതി-സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. 7ന് വൈകിട്ട് 3.30ന് പന്മന ആശ്രമം അധിപതി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം പാലാ ശ്രീരാമകൃഷ്ണാശ്രമം അധിപതി വീതസംഗാനന്ദ ഉദ്ഘാടനം ചെയ്യും.
8ന് രാവിലെ 10.30ന് നടക്കുന്ന യൂത്ത് പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദിവ്യാംഗ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രജിത് ജയപാല്‍ നര്‍വഹിക്കും. 3.30ന് നടക്കുന്ന വനിതാ സമ്മേളനം എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വഹിക്കും.
9ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കും. ജര്‍മനി യോഗവിദ്യ ആശ്രമം മഠാധിപതി സ്വാമി സുഖദേവ് ജി. ബ്രൈറ്റ്സ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് അയിരൂര്‍, സെക്രട്ടറി അഡ്വ. ഡി. രാജഗോപാല്‍, സി.ജി. പ്രദീപ്കുമാര്‍, അഡ്വ. കെ. ജയവര്‍മ്മ, സത്യന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക