സ്വാമി അസംഗാനന്ദഗിരി
സെക്രട്ടറി, ഗുരുധര്‍മ്മപ്രചരണസഭ
92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമ്മേളനത്തില്‍ വച്ച് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ ഉടുപ്പഴിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആചാരപരിഷ്കരണം വേണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ബഹു: മുഖ്യമന്ത്രി അതിനെ പിന്താങ്ങുകയും ചെയ്തു. സംസ്ഥാനത്ത് തുടര്‍ന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ പലതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും മാറ്റേണ്ടവ മാറ്റണമെന്നും വലിയൊരു ജനവിഭാഗം ആഗ്രഹിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പിന്‍ബലത്താല്‍ ഇന്നും സംരക്ഷിച്ചു പോരുന്ന ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ല. ജാതിപരമായ വേര്‍തിരിവ് നിലനില്‍ക്കുന്ന കാലത്ത് രൂപപ്പെട്ടതാണ് ഇക്കാലത്തും തുടരുന്നതും പലപ്പോഴും ഹൈന്ദവ ഭാഗങ്ങളില്‍ തന്നെ അനൈക്യം സൃഷ്ടിക്കുന്നതുമായ ആചാരങ്ങള്‍. പ്രധാനമായും ഷര്‍ട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ കയറുന്നതിന് അവകാശമില്ലായ്മ ഇക്കാരണത്താല്‍ തന്നെ വിദ്യാഭ്യാസ സമ്പന്നരായ യുവതലമുറ ആരാധനാലയ ങ്ങളിലേക്ക് കടന്നുവരാന്‍ മടിക്കുന്നു. ഇതു മൂലം പുതുതലമുറയില്‍ ഈശ്വരവിശ്വാസം കുറയുകയും മദ്യം, മയക്കുമരുന്ന് മറ്റു അനാശാസ്യ പ്രവണതകളിലേക്ക് തിരിയുകയും ചെയ്യുന്നുവെന്നത് ഒരു വസ്തുതയാണ്. മാതാപിതാക്കളേയും ഗുരുക്കന്മാരെയും അനുസരിച്ച് ജീവിതം നയിക്കേണ്ട ബാല്യം അവരെ ചോദ്യം ചെയ്യുന്ന തരത്തിലേക്കായി. അമ്പലങ്ങളും അവിടെ നിലനില്‍ക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളാനാവാത്തതാണ് ഇതിന് പ്രധാനകാരണം. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ക്ഷേത്രപ്രദര്‍ശനം മേല്‍ ജാതിയില്‍പ്പെട്ടവരുടെ താല്പര്യസംരക്ഷണാര്‍ത്ഥമായിരുന്നു എന്നത് പുതുതലമുറ ഒന്നാകെ തിരിച്ചറിയുന്നു. അതിനാല്‍ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ടുകൊണ്ട് തന്നെ പ്രവേശനം നല്‍കണം.
ശ്രീനാരായണ ഗുരുദേവന്റെ കൃതികളും ദര്‍ശനവും സമൂഹത്തെ നന്മയിലേക്ക് നയിക്കുവാന്‍ ഏറ്റവും പര്യാപ്തമാണ്. ഗുരുദേവന്റെ സ്തോത്രകൃതികളും ദാര്‍ശനികകൃതികളും വ്യാസന്‍, വസിഷ്ഠന്‍, വാല്‍മീകി, ശങ്കരാചാര്യര്‍ തുടങ്ങി ഗുരുക്കന്‍മാരെപ്പോലും അതിശയിപ്പിക്കുന്ന ശൈലിയിലുള്ളതാണ്. ദൈവോപനിഷത്ത് എന്നറിയപ്പെടുന്ന ദൈവദശകം 110 ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ കൃതികള്‍ക്ക് പോലും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും സ്ഥാനമില്ല.
അക്ഷന്തവ്യമായ ഈ അപരാധം തിരുത്തി ദേവസ്വം ബോര്‍ഡുകളിലും ക്ഷേത്രങ്ങളിലും ഗുരുദേവ കൃതികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
ഗുരുദേവകൃതികള്‍ ക്ഷേത്രങ്ങളില്‍ ജപിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം. ക്ഷേത്രാചാരങ്ങള്‍ ഗുരുവിന്റെ ദര്‍ശന അധിഷ്ഠിതമായി പരിഷ്കരിക്കണം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങളും ആതുരാലയങ്ങളും തൊഴില്‍ശാലകളും വായനശാലകളും പൂന്തോട്ടവും പ്രസംഗമണ്ഡപങ്ങളും ഉണ്ടാകണമെന്ന ഗുരുദേവ ഉപദേശം ഏതൊരാളും അംഗീകരിക്കപ്പെടുന്നതാണ്. എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കേണ്ടതിന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉദ്യോഗങ്ങള്‍ 90% ഉം ഇന്ന് ഉയര്‍ന്ന വിഭാഗക്കാരാണെന്ന് അറിയുന്നു. തുല്യമായ സാമൂഹിക നീതി കൈവരിക്കുവാന്‍ ദേവസ്വം ബോര്‍ഡില്‍ സംവരണം ഏര്‍പ്പെടുത്തണം. എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ഉദ്യോഗങ്ങള്‍ നല്‍കണം.
ക്ഷേത്രോത്സവത്തിന് രണ്ട്കരിയും ആവശ്യമില്ലായെന്ന് ഗുരു നിര്‍ദേശിച്ചത് ബഹുമാനപ്പെട്ട കോടതി പോലും അംഗീകരിച്ചിട്ടുണ്ട.് എല്ലാ ദേവാലയങ്ങളിലും ഇത് നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ ഗവണ്‍മെന്‍റ് മുന്നോട്ടു വരണം.
ക്ഷേത്രങ്ങള്‍ തോറും മതപാഠശാലകള്‍ സ്ഥാപിക്കുവാനും അവിടെ പുണ്യഗ്രന്ഥങ്ങളും സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ കൃതികള്‍ പഠിപ്പിക്കുവാനും സൗകര്യമുണ്ടാകണം. ഇക്കാര്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി ഗുരുധര്‍മ്മപ്രചരണസഭ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് 17 ന് രാവിലെ 10 മണിക്ക് ഒരു പ്രാര്‍ത്ഥനായജ്ഞവും സത്സംഗവും സംഘടിപ്പിക്കുകയാണ്. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുധര്‍മ്മ പ്രചാരണ സഭ പ്രവര്‍ത്തകരും ഗുരുഭക്തന്മാരും ഇതില്‍ പങ്കെടുക്കുന്നതാണ്.ഇതൊരു തുടക്കം മാത്രമാകും. ഇക്കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായത് തുടര്‍നടപടികളും ഗുരുധര്‍മ്മപ്രചരണ സഭയുടെ ഭാഗത്തുനിന്നുമുണ്ടാകും. ആചാരപരിഷ്കരണം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മനസ്സിലാക്കി ഏവരും അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പൂര്‍ണ്ണവിശ്വാസം.
ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചാല്‍ മതത്തിനും രാജ്യത്തിനും സമഗ്രപുരോഗതി നേടുവാന്‍ സാധിക്കും. ഗുരുധര്‍മ്മപ്രചരണസഭ മുന്നോട്ട് വയ്‌ക്കുന്ന ഈ ആവശ്യങ്ങള്‍ ജാതിദേദം കൂടാതെ എല്ലാവര്‍ക്കും വേണ്ടിയാണ്. ഇതിന്റെ വിജയത്തിനായി ഏവരും സഹകാരി കളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനുവരി 17 ന് നടത്തുന്ന പ്രാര്‍ത്ഥനായജ്ഞവും ആചാര പരിഷ്കരണ യാത്രയും അതിന്റെ തുടക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക