ന്യൂദൽഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.
2014 ഏപ്രിൽ 16-ന് ഉച്ചയ്‌ക്കാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിന്റെ അമ്മ ഓമന (58) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
അനുശാന്തിയുടെ ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്‌ക്കുകയായിരുന്നു.
സംഭവ ദിവസം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ഇരട്ടക്കൊലപാതകം അരങ്ങേറിയത്. ഓമനയും ചെറുമകള്‍ സ്വസ്തികയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വെട്ടുകത്തിയുമായി അതിക്രമിച്ചുകയറിയ നിനോ മാത്യു ഓമനയെയും സ്വസ്തികയെയും വെട്ടിവീഴ്‌ത്തുകയായിരുന്നു.
ഇരുവരും കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയ നിനോ മാത്യു ലിജീഷിനെയും കാത്ത് വാതിലിന് പുറകില്‍ ഒളിച്ചു നിന്നു. പുതിയ വീടിന്റെ പണി സ്ഥലത്തുനിന്ന് മടങ്ങിയെത്തിയ ലിജീഷ് വീടിനുള്ളില്‍ കയറവെ വെട്ടിവീഴ്‌ത്തി. ഇതിനുശേഷം ലിനോ അടുക്കളവാതില്‍ വഴി പുറത്തേയ്‌ക്കോടി.
ദേഹത്തു ചോര പുരണ്ട നിലയില്‍ വീട്ടില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെടുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരും വെട്ടേറ്റ് കിടക്കുന്നതുകണ്ടത്. ഓമനയും സ്വസ്തികയും അടുക്കളയിലാണ് മരിച്ചു കിടന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മരിച്ച ഓമനയെയും സ്വസ്തികയെയും മാറ്റി. ഗുരുതരമായി പരിക്കേറ്റ ലിജീഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് ലിജീഷിനെ അടിയന്തര ശസ്ത്രക്രിയകള്‍ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: