India

ദെൽഹി സ്കൂളുകളിൽ ബോംബ് ഭീഷണി ഉയർത്തിയവരുമായി എഎപിക്ക് ബന്ധമുണ്ടോയെന്ന് ബിജെപി

എൻജിഒഎയ്ക്ക് എഎപിക്ക് ബന്ധം

Published by

ന്യൂദെൽഹി:ദെൽഹിയിലെ 400 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി അയച്ചവരുമായി ആം ആദ്മി പാർട്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാൻ അരവിന്ദ് കെജ്‌രിവാളിനോട് ബിജെപി ആവശ്യപ്പെട്ടു. സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചതിന് കഴിഞ്ഞദിവസം പോലീസ് പിടിയിലായ പന്ത്രണ്ടാം ക്ലാസുകാരന്റെ മാതാപിതാക്കൾ ഒരു രാഷ്‌ട്രീയ പാർട്ടിയെ പിന്തുണയ്‌ക്കുന്ന എൻജിഒയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ദെൽഹി പോലീസ് വ്യക്തമാക്കിയതായി ബിജെപി ആരോപിച്ചു.

ഈ എൻജിഒ പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. എന്നാൽ ഏത് രാഷ്‌ട്രീയ പാർട്ടിയാണെന്ന് ദെൽഹി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കഥകൾ മെനയുകയാണെന്ന് എഎപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് ഇതുവരെ പോലീസിൽ നിന്ന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ആം ആദ്മി പാർട്ടി പറഞ്ഞു. പോലീസിന്റെ കണ്ടെത്തലുകൾ വളരെ ഗൗരവമേറിയതാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി എംപി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വാർത്ത ശക്തമായ സംശയം ഉയർത്തുന്നു. കാരണം അത്തരം എൻജികളുമായും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവരുമായും ആഴത്തിലുള്ള ബന്ധമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഫ്സൽ ഗുരുവിന്റെ ദയാ ഹർജിയെ മുഖ്യമന്ത്രി അതിഷി മർലീനയുടെ മാതാപിതാക്കൾ പിന്തുണച്ചിരുന്നു. ദെൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻജിഒയ്‌ക്കും എഎപി നേതൃത്വത്തിനും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ആരോപിച്ചു. പുറത്തുവരുന്ന ഭയാനകമായ വസ്തുതകളുമായി ആം ആദ്മി പാർട്ടിക്ക് ബന്ധമുണ്ടോയെന്ന് അരവിന്ദ് കെജരിവാൾ വ്യക്തമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by