ന്യൂദെൽഹി:കഴിഞ്ഞവർഷം ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാക്കിസ്ഥാൻ വംശജരായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഈ മേഖലയിൽ അക്രമവും ഭീകര പ്രവർത്തനവും സംഘടിപ്പിക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിലെ അക്രമങ്ങളുടെ തോത് വർധിക്കാൻ കാരണം പാക്കിസ്ഥാനിലുള്ള ഭീകരപ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രം മുലമാണ്. ജനുവരി 15ന് നടക്കുന്ന സൈനിക ദിനാചരണത്തിന് മുന്നോടിയായി നടന്ന വാർഷിക മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി. ജമ്മു കാശ്മീർ ഭീകരതയിൽ നിന്നും വിനോദസഞ്ചാരത്തിലേക്ക് നീങ്ങുകയാണ്. ജമ്മു കാശ്മീരിൽ സജീവമായ തീവ്രവാദ പ്രവർത്തനം നടത്തുന്നവരിൽ 80 ശതമാനവും പാക്കിസ്ഥാനികളാണ്, അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ അക്രമങ്ങൾ നടക്കുന്നുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ സുരക്ഷാസേനകളുടെയും പ്രവർത്തനങ്ങളുടെയും സർക്കാർ ശ്രമങ്ങളുടെയും ഫലമായി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനായി ഇന്ത്യ മ്യാൻമർ അതിർത്തിയിൽ മെച്ചപ്പെട്ട നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ വേലി കെട്ടൽ പുരോഗമിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ സെൻസിറ്റീവ് ആണെങ്കിലും നിയന്ത്രണവിധേയമാണെന്ന് ജനറൽ നിവേദി പറഞ്ഞു. സംഘർഷങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈന്യത്തിലെ ആർമി ഓഫീസർമാരുടെ എണ്ണം പ്രതിവർഷം 1300 ൽ നിന്ന് 1900 മായി വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ൽ സ്ത്രീകൾ മാത്രമുള്ള ഒരു സ്കൈ ഡൈവിങ് ടീം ആരംഭിക്കാനും സൈന്യം പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: