Kerala

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ ബോബി ചെമ്മണ്ണൂര്‍, പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം

ബോഡി ഷെയ്മിംഗ് സമൂഹം ഉള്‍ക്കൊള്ളുന്നതല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി

Published by

കൊച്ചി:ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുന്നത്. ഇത്തരം തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍.

അഭിഭാഷകര്‍ ഇല്ലാതെ, ബോണ്ട് തുക കെട്ടിവയ്‌ക്കാന്‍ ഇല്ലാതെ നിരവധി തടവുകാര്‍ ജയിലില്‍ തുടരുന്നുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതേസമയം, ബോബി ചെമ്മണ്ണൂര്‍ ചൊവ്വാഴ്ച ജയിലില്‍ തുടരുമെന്നും നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് അറിയുന്നത്.

നേരത്തേ , സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം.

ബോഡി ഷെയ്മിംഗ് സമൂഹം ഉള്‍ക്കൊള്ളുന്നതല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നുളള പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും വ്യക്തമാക്കി. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. പ്രതി നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണ്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം നിലവില്‍ അംഗീകരിക്കാനാകില്ല.

നടി ഹണി റോസിന്റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാര്‍ഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. മാന്യത കൊണ്ടാണ് പൊതുമധ്യത്തില്‍ നടി അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവര്‍ക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേര്‍ക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by