Kerala

ബോഡി ഷെയിമിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കോടതി : ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം

ദ്വയാർഥ പ്രയോഗമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തില്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു

Published by

കൊച്ചി : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വൈകുന്നേരം നാലോടെയാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ബോഡി ഷെയിമിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല. ദ്വയാർഥ പ്രയോഗമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തില്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ മറ്റൊരാളുടെ ശരീരത്തെകുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്ന് കോടതി വിലയിരുത്തി.

ഹണി റോസിന് അസാമാന്യ മികവില്ലെന്ന ജാമ്യാപേക്ഷയിലെ പരാമര്‍ശത്തെ കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശം പിന്‍വലിക്കുന്നതായി അഭിഭാഷകന്‍ മുഖേന ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു. സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ ഉള്‍പ്പെടെ മുമ്പും ബോബി ചെമ്മണ്ണൂര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആറാം ദിവസമായ ഇന്ന് ബോബി ജയിലില്‍ നിന്ന് പുറത്തിറങ്ങും. ബോബിയെ പിന്തുണക്കുന്നവര്‍ ജയിലിന് പുറത്ത് സ്വീകരണമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by