ന്യൂദെൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുക്തകണ്ഠം പ്രശംസിച്ചതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയതിനായിരുന്നു ഒമർ അബ്ദുള്ള പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഒരു ക്രമക്കേടും കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവവുമായാണെന്ന് ഉറപ്പാക്കുകയും ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. കഴിഞ്ഞദിവസം ഗന്ധർബാൽ ജില്ലയിൽ സോനാ മാർഗ്ഗ് തുരങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത്. “ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നു. എവിടെയും ക്രമക്കേട് നടന്നതായി പരാതിയില്ല. അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികളുമില്ല. ഇതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും നിങ്ങളുടെ സഹപ്രവർത്തകർക്കും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്, ഒമർ അബ്ദുള്ള പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ബിജെപി നേതാവ് ഷഹസാദ് പൂനാവാല ഇന്ത്യാ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനേയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും ചോദ്യം ചെയ്യുന്ന ഇന്ത്യാസഖ്യം ഒമർ അബ്ദുല്ലയെ കണ്ടുപഠിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി എന്നിവർ ഇതിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ എല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ പുകഴ്‌ത്തുന്നു, പക്ഷേ നിങ്ങൾ തോൽക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു. ഒമർ അബ്ദുള്ള അവർക്ക് ഒരു കാര്യം വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അവർ ഇതിൽ നിന്ന് പാഠം പഠിക്കണം. ബിജെപി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക