ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി ബാബ മോക്ഷ്പുരി . മുൻ അമേരിക്കൻ സൈനികനായ മൈക്കൽ ആണ് സനാതനധർമ്മം സ്വീകരിച്ച് ബാബ മോക്ഷ്പുരിയായത്. ന്യൂ മെക്സിക്കോയിൽ നിന്നുള്ള ബാബ മോക്ഷ്പുരിയുടെ സൈനികനിൽ നിന്ന് സന്യാസിയിലേക്കുള്ള യാത്ര വളരെ ആഴമേറിയതാണ്. ആത്മീയതയുടെ പരിവർത്തന ശക്തിയെ പ്രതീകപ്പെടുത്തുന്നതാണിത്.
2000-ൽ കുടുംബത്തോടൊപ്പം ആദ്യമായി ഭാരതം സന്ദർശിച്ചപ്പോഴാണ് ബാബ മോക്ഷ്പുരിയുടെ ആത്മീയ ഉണർവിലേക്കുള്ള പാത ആരംഭിച്ചത്. ഈ യാത്രയിൽ സനാതന ധർമ്മത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ അദ്ദേഹം പഠിച്ചു. ധ്യാനം, യോഗ, ഭാരതത്തിന്റെ തത്ത്വചിന്തയുടെ സത്ത എന്നിവയെ പറ്റി കൂടുതൽ മനസിലാക്കി.
“ആ യാത്ര ഒരു വഴിത്തിരിവായിരുന്നു. ഭാരതത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും സമ്പന്നത എന്നെ ആഴത്തിൽ സ്വാധീനിച്ചു‘ അദ്ദേഹം പറയുന്നു.
അതിനിടെ ഉണ്ടായ മകന്റെ മരണമാണ് അദ്ദേഹത്തെ സന്യാസത്തിലേയ്‌ക്ക് നയിച്ചത്. “ആ ഹൃദയഭേദകമായ സംഭവം ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് എന്നെ പഠിപ്പിച്ചു. ധ്യാനത്തിലും യോഗയിലും എനിക്ക് ആശ്വാസം ലഭിച്ചു ” അദ്ദേഹം പറയുന്നു. അതോടെ ജീവിതം സനാതനധർമ്മപ്രചാരണത്തിനായി നീക്കി വച്ചു.ബാബ മോക്ഷ്പുരിയുടെ ആത്മീയ യാത്രയിൽ ഒരു പ്രധാന സ്വാധീനം ചെലുത്തിയത് നീം കരോളി ബാബയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമായിരുന്നു.അതിനുശേഷം ഭാരതത്തിന്റെ സമാനതകളില്ലാത്ത ആത്മീയ പൈതൃകം ആഘോഷിക്കുന്ന എല്ലാ മഹാകുംഭങ്ങളിലും പങ്കെടുക്കാൻ സ്വയം പ്രതിജ്ഞാബദ്ധനായി.
ഇപ്പോൾ ന്യൂ മെക്സിക്കോയിൽ ഒരു ആശ്രമം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അവിടെ ഭാരതത്തിന്റെ തത്ത്വചിന്ത, യോഗ, സനാതന ധർമ്മത്തിന്റെ സാർവത്രിക മൂല്യങ്ങൾ എന്നിവ പ്രചരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: