കോട്ടയം: കായിക താരങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാനില്ലാത്ത സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഗ്രാന്‍ഡ് കഴിഞ്ഞ എട്ട് മാസമായി മുടങ്ങിയതാണ് വലിയ പ്രതിസന്ധിയിലേക്ക് ഹോസ്റ്റലുകളെ എത്തിച്ചത്.
വളരെ ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ 20 മുതല്‍ ഭിക്ഷയെടുക്കല്‍ സമരത്തിനിറങ്ങാന്‍ തയാറെടുക്കുകയാണ്. 47 ഹോസ്റ്റലുകളിലായി ആയിരത്തോളം കായികതാരങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗം ഹോസ്റ്റലുകളും പ്രതിസന്ധിയിലാണ്. അഞ്ഞൂറിലേറെ കുട്ടികളാണ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്താന്‍ തയാറെടുക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകളിലെയും സ്ഥാപനങ്ങളിലെയും അധികൃതരാണ് ഇതുവരെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. ശമ്പളം പോലും മുടങ്ങിയ കായികാധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റുമൊക്കെ സഹകരിച്ച് ഭക്ഷണം നല്‍കി.
കടം വാങ്ങിച്ചും മറ്റുമാണ് ഇതുവരെ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത്. എന്നാല്‍, പല കടകളിലും വലിയ തുകകള്‍ നല്‍കാനുണ്ട്. പലചരക്ക്, ഇറച്ചി എന്നിവ വാങ്ങിയ ഇനത്തില്‍ ഭീമമായ തുകയാണ് സ്ഥാപനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്. ഇങ്ങനെ തുടരാനാവില്ലെന്നും, ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുകയേ തരമുള്ളൂവെന്നും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.
പരിമിതമായ സാഹചര്യങ്ങളിലുള്ളവരാണ് ഹോസ്റ്റലുകളില്‍ കഴിയുന്നവരില്‍ അധികവും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിളി അവഗണിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ വിശ്വസിച്ച് കുട്ടികള്‍ കേരളം തന്നെ തെരഞ്ഞെടുത്തത്. എന്നാല്‍, ജീവിക്കാന്‍ വേണ്ട ഭക്ഷണത്തിനുള്ള പൈസ പോലും തരാത്തതില്‍ കുട്ടികള്‍ വിഷമത്തിലാണ്. ഒരു ലക്ഷത്തോളം കുട്ടികള്‍ക്കായി കൗണ്‍സില്‍ നടത്തിയ ട്രയല്‍സില്‍ നിന്നാണ് ആയിരത്തോളം കുട്ടികളെ തെരഞ്ഞെടുത്തത്.
കാരണം ധനവകുപ്പ്
ധനവകുപ്പില്‍ നിന്ന് കൗണ്‍സിലിനുള്ള പ്ലാന്‍ ഫണ്ട് കഴിഞ്ഞ 10 മാസത്തിലേറെയായി നല്‍കാത്തതാണ് പ്രതിസന്ധിയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. പലവട്ടം സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. കൗണ്‍സില്‍ ഒരു ഓട്ടോണമസ് ബോഡിയാണെങ്കിലും സര്‍ക്കാര്‍ ഗ്രാന്‍ഡ് ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. ഗ്രാന്‍ഡ് ഉടന്‍തന്നെ ലഭ്യമാക്കിത്തരുമെന്ന് മൂന്നു മാസം മുമ്പ് കായിക വകുപ്പ് നല്‍കിയ ഉറപ്പ് ജലരേഖയായി. കായിക വകുപ്പിനൊപ്പമുള്ള യുവജനകാര്യത്തിനും മറ്റുമുള്ള വിഹിതം ധനവകുപ്പ് കൃത്യമായി നല്‍കുന്നുണ്ട്. കായികവകുപ്പിന്റെ ഈ അനങ്ങാപ്പാറ നയവും ധനവകുപ്പിന്റെ മുഖംതിരിക്കലും കായിക താരങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാണ്. ധനവകുപ്പും കായിക വകുപ്പും ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത് കേരളത്തിലെ കായികം കൈകാര്യം ചെയ്യുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അട്ടിമറിക്കാനാണോ എന്ന സംശയവുമുയരുന്നുണ്ട്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് പണം ലഭ്യമാക്കാന്‍ ധനവകുപ്പ് ഉടന്‍ ഇടപെടണമെന്ന ആവശ്യവുമായാണ് കായിക താരങ്ങള്‍ ഭിക്ഷയെടുക്കല്‍ സമരത്തിനിറങ്ങുന്നത്. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലുള്ള ഒരു കുട്ടിക്ക് ഭക്ഷണത്തിനായി ദിനം തോറും 250 രൂപ വച്ച് കൗണ്‍സില്‍ നല്‍കിക്കൊള്ളാമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെട്ട കരാര്‍. പാലും മുട്ടയും മാംസവും കുട്ടികള്‍ക്ക് ദിനം തോറും നല്‍കേണ്ടതുണ്ട്.
കായിക പരിശീലകന്‍ 15 മുതല്‍ സമരത്തിന്
ശമ്പളപ്രശ്‌നത്തില്‍ കായിക പരിശീലകരും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയാണ്. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക അധ്യപകര്‍ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി താത്കാലിക അധ്യാപകര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും പാചകക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. 28,000 രൂപയാണ് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കായികാധ്യാപകരുടെ ശമ്പളം. ശ്രദ്ധേയമായ കാര്യം കഴിഞ്ഞ 13 വര്‍ഷമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഒരു കായികാധ്യാപകനും സ്ഥിര നിയമനം നല്‍കിയിട്ടില്ല എന്നതാണ്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കാകട്ടെ, ശമ്പളവുമില്ല. തൊഴില്‍ നിയമങ്ങളും അവകാശങ്ങളും കൃത്യമായി പാലിക്കേണ്ട സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് ദ്രോഹപരമാണെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടി. 10 ശമ്പളക്കമ്മീഷന്‍ കുടിശിക നല്‍കുക, 11-ാം ശമ്പളക്കമ്മീഷന്‍ പരിഷ്‌കാരം നടപ്പിലാക്കുക, ഒഴിഞ്ഞുകിടക്കുന്ന കായികാധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കായികാധ്യാപകര്‍ സമരത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: