ശ്രീനഗര്‍: ഭാരതത്തിന്റെ കിരീടമായ ജമ്മുകശ്മീരിനെ കൂടുതല്‍ സുന്ദരമാക്കുമെന്നും വികസിതമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോനാമാര്‍ഗിലെ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്വജീവന്‍ പോലും അപകടത്തിലാക്കി തുരങ്കനിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ അഭിനന്ദിച്ച മോദി, നിര്‍മാണ സമയത്ത് ജീവന്‍ ബലിയര്‍പ്പിച്ച ഏഴു തൊഴിലാളികളെ അനുസ്മരിച്ചു.
കശ്മീരിലെ മഞ്ഞണിഞ്ഞ മലനിരകള്‍ എന്നും എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട്. അതിനാല്‍ നിരവധി തവണ ഞാന്‍ കശ്മീര്‍ സന്ദര്‍ശിച്ചു. മഞ്ഞുവീഴ്ചയിലും അവിടുത്തെ ജനങ്ങള്‍ക്ക് ഊഷ്മളമായ പെരുമാറ്റമാണ്. ഇപ്പോള്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്. ഒരു ഭാഗത്ത് കുംഭമേള, ഉത്തരഭാരതത്തില്‍ ലോഹ്‌റിയാണ്, ചില ഭാഗങ്ങളില്‍ ഉത്തരായനമാണ്, മകരസംക്രാന്തിയാണ്, പൊങ്കലാണ്. കശ്മീരിലും ഇപ്പോള്‍ ഉത്സവമാണ്, സോനാമാര്‍ഗ് തുരങ്കപാത വരുന്നതിലുള്ള സന്തോഷം.
സോനാമാര്‍ഗിലെ തുരങ്കം കശ്മീര്‍ ജനതയുടെ അഭിലാഷമാണ്. മഞ്ഞുവീഴ്ചയിലും മണ്ണിടിച്ചിലിലും ഹിമപാതത്തിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുന്ന പാതയാണിത്.
3 കോടി വീടുകള്‍ കൂടി
പത്തു കൊല്ലം കൊണ്ട് പാവപ്പെട്ട നാലു കോടി പേര്‍ക്കാണ് തന്റെ സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. വരുംനാളുകളിലായി മൂന്ന് കോടി പേര്‍ക്കു കൂടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുകയാണ്. ലോകത്തിലേറ്റവും ഉയരത്തിലുള്ള തുരങ്കങ്ങളും പാലങ്ങളും റെയില്‍പാലങ്ങളും ഇവിടെയാണ്. ചെനാബ് നദിക്കു കുറുകെ പണിതിട്ടുള്ള റെയില്‍വേ പാലം അതിന് ഉദാഹരണമാണ്. നിരവധി തുരങ്കങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്.
ജമ്മുകശ്മീരില്‍ മാത്രം 42,000 കോടിയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സോനാമാര്‍ഗിലേതു പോലെയുള്ള 14 തുരങ്കങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീരില്‍ സമാധാനം മടങ്ങിവന്നത് വിനോദസഞ്ചാര വികസനത്തിന് വലിയ കുതിപ്പാണ് പകരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടു കോടിയിലേറെ വിനോദസഞ്ചാരികളാണ് ഇവിടെ വന്നത്. വികസനത്തിന്റെ പുതിയ വഴിയിലാണ് ജമ്മുകശ്മീര്‍. ഭൂമിയിലെ സ്വര്‍ഗമാണത്. 13,000 കോടിയുടെ നിക്ഷേപമുള്ള പുതിയ വ്യവസായങ്ങളാണ് അവിടെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതും. മോദി പറഞ്ഞു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: