ന്യൂദെൽഹി:ഇന്ത്യൻ കരസേനയിലെ വനിതാ ഉദ്യോഗസ്ഥർ മികച്ച പ്രകടനമാണ് കാഴ്‌ച്ചവയ്‌ക്കുന്നതെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. സേനയിലേക്കുള്ള വനിതകളുടെ പ്രവേശനം കൂടുതൽ വർദ്ധിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിലെ ഒരു ലഫ്റ്റ ജനറൽ കിഴക്കൻ ആർമി കമാൻഡർ ജനറൽ രാംചന്ദർ തിവാരിക്ക് എഴുതിയ അഞ്ചു പേജുള്ള ഒരു കത്ത് ചോർന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കരസേനാ മേധാവി. സൈന്യത്തിലെ ഒരു കമാൻഡർ ആയ ലെഫ്റ്റ് ജനറൽ രാജീവ് പുരി ഈസ്റ്റേൺ കമാൻഡർ ലെഫ്റ്റ് ജനറൽ രാം ചന്ദർ തിവാരിക്ക് എഴുതിയ അഞ്ചു പേജുള്ള കത്തിൽ കിഴക്കൻ സെക്ടറിലെ വനിതാ ഓഫീസർമാരുടെ പ്രവർത്തനം ആർമി യൂണിറ്റുകളെ ബാധിക്കുന്നതായി നിരവധി ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം ഒരു കത്ത് ചോരാൻ പാടില്ലായിരുന്നുവെന്നും വനിതാ ഓഫീസർമാർ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സൈനിക ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ജനറൽ ദ്വിവേദി പറഞ്ഞു. ചോർന്ന കത്തിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കത്തിലെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു ധാരണയാണ്. ആ ധാരണയും അഭിപ്രായവും പറയാൻ അദ്ദേഹത്തിന് എല്ലാ അവകാശവും ഉണ്ടെന്നും ഇതൊരു ആഭ്യന്തര ആശയ വിനിമയമാണെന്നും കരസേനാ മേധാവി പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സൈന്യം വനിതാ കമാണ്ടിംഗ് ഓഫീസർമാരെ നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് 16 വനിതാ ഓഫീസർമാർ ആർമിയുടെ സ്റ്റാഫ് കോളേജിൽ ജോലിചെയ്യുന്നു. വ്യോമസേനയിൽ പൈലറ്റുമാരായ വനിതാ ഓഫീസർമാരുണ്ട്. കാളിമാതാവിന്റെ രൂപത്തിലുള്ള ശക്തയായ വനിതാ ഓഫീസർമാരെയാണ് സൈന്യം ആഗ്രഹിക്കുന്നത്. സൈന്യത്തിൽ ലിംഗ ഭേദം ഇല്ലാതെയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023ലെ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സൈന്യം വനിത ഓഫീസർമാരെ കമാൻഡർ റോളുകളിലേക്ക് നിയോഗിച്ചത്. കിഴക്കൻ കമാൻഡിന് കീഴിലുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ നിരവധി ഫോർവേഡ് ലൊക്കേഷനുകളിൽ ഒട്ടനവധി വനിത ഓഫീസർമാർ യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. 2032 ഓടെ ഓഫീസ് റാങ്കിലുള്ള വനിതകളുടെ എണ്ണം 12 മടങ്ങ് വർദ്ധിപ്പിക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് കരസേന മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: