പ്രയാഗ്‌രാജ്: പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ ഇതുവരെ പുണ്യസ്‌നാനം ചെയ്തത് 1.5 കോടി ഭക്തര്‍.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് പുണ്യസ്‌നാനം ചെയ്യുന്നതിനായി ദിനംപ്രതി എത്തുന്നത്. വരുന്ന 45 ദിവസം 45 കോടി തീര്‍ത്ഥാടകര്‍ ഉത്തര്‍പ്രദേശിലേക്ക് ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനാല്‍ പ്രയാഗ് രാജിലെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം.
സ്‌നാനത്തില്‍ പങ്കെടുത്ത എല്ലാ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദ്യ ദിവസമായ ഇന്നലെ 1.50 കോടി വിശ്വാസികള്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. മഹാകുംഭമേള ഭംഗിയായി നടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ നില്‍ക്കുന്ന പോലീസ്, മത-സാമൂഹ്യ സംഘടനകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൗഷ്പൂര്‍ണിമ സ്‌നാനത്തിനായി എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ആള്‍ക്കൂട്ടത്തെ ശരിയായവിധം നിയന്ത്രിക്കുന്നുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന പോലീസ് സേനകളെയും വിന്യസിച്ചിട്ടുണ്ട്. ഏതുസാഹചര്യവും കൈകാര്യം ചെയ്യാന്‍ സുരക്ഷാസേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് സഹായങ്ങള്‍ ഒരുക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനമാരംഭിച്ചു. ഇതോടൊപ്പം ഫ്ളോട്ടിങ് പോലീസ് ചൗക്കി (പോസ്റ്റ്), 1.5 ലക്ഷം ടെന്റുകള്‍, ഡ്രോണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുള്ള 2,700 ക്യാമറകള്‍ എന്നിവയടക്കം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കുംഭമേളയില്‍ പങ്കെടുക്കുന്നവരെ സഹായിക്കാന്‍ തത്സമയ മാര്‍ഗനിര്‍ദേശവും അപ്‌ഡേറ്റുകളും നല്‍കുന്നതിന് Kumbh Sah’AI’yak ചാറ്റ്‌ബോട്ടും രൂപകല്‍പന ചെയ്തിട്ടുണ്ട്. പൗഷ്പൂര്‍ണിമ സ്‌നാനത്തോടെയാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലാണ് മേളയുടെ സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: