Vicharam

മഹാകുംഭമേള: ആത്മീയതയുടെ പരമോന്നത മേള

Published by

ഭാരതത്തിന്റെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മഹാകുംഭമേള പ്രയാഗ് രാജില്‍ ആരംഭിച്ചുകഴിഞ്ഞു. ഗംഗയും യമുനയും സരസ്വതി നദിയും ഒന്നിക്കുന്ന ‘ത്രിവേണി’യില്‍ ദിവ്യാനുഗ്രഹവും മോക്ഷവും തേടുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് ആത്മീയ ആകര്‍ഷണമായി മാറും ഈ മഹാമേള. കാശി വിശ്വനാഥന്റെ ‘പ്രതിരൂപ’മായി ആദരിക്കപ്പെടുന്ന ബാബ ലോക്‌നാഥ് മഹാദേവ ക്ഷേത്രം ഭക്തിയുടെ കാലാതീത പ്രതിധ്വനികളാല്‍ മുഖരിതമാകും. ലൗകിക ആയാസങ്ങള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ദിവ്യത്വമനുഭവിക്കാനായി ഈ പുണ്യസ്ഥലത്ത് ഒത്തുചേരും.

ആത്മീയ യാത്ര, വിസ്മയകരമായ ആസൂത്രണം, സാമ്പത്തിക പ്രതിഭാസം, ആഗോള ഐക്യത്തിന്റെ സാക്ഷ്യം, എന്നിങ്ങനെ ചതുര്‍തല ആഘോഷമായി കുംഭമേളയെ വിശേഷിപ്പിക്കാം. മഹാകുംഭമേള വെറുമൊരു ചടങ്ങല്ല; അത് ഒരു ജീവിതക്രമമാണ്. ദിവ്യ തത്വസംഹിതയാല്‍ നിയന്ത്രിക്കപ്പെടുന്ന ഉത്സവം. അതിന്റെ ആത്മാവ് സംന്യാസിവര്യരുടെയും ഋഷിമാരുടെയും ആത്മീയ ഒത്തുചേരലിലാണ്. സനാതന ഹൈന്ദവ, വേദ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇവിടെ ധര്‍മ്മവും വിപണിയും ഒരുമിക്കുന്നു. ആത്മീയ തീരത്ത് നാഗ മഹര്‍ഷിമാരും സംന്യാസിമാരും ആചാരാനുഷ്ഠാനങ്ങള്‍ക്കും ധ്യാനത്തിനും ജ്ഞാനം പങ്കിടാനായി ഒത്തുചേരുന്ന അഖാഡ മേഖലയ്‌ക്ക് ഭക്തിയുടെ തുടിപ്പുണ്ട്.

ഭാരതീയ മൂല്യങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന, അവയ്‌ക്കു വിലകല്‍പിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ സവിശേഷമായ ദിനങ്ങള്‍. വിശ്വാസം, ഭക്തി, സംസ്‌കാരം എന്നിവയുടെ പവിത്രമായ സംഗമത്തില്‍ അസംഖ്യം ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്ന മഹാകുംഭമേളയിലേയ്‌ക്ക് എല്ലാ വിശ്വാസികളെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും, സംസ്‌കാരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയും, എല്ലാ മനുഷ്യരും ഒരുപോലെ ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുടെ സംഗമമാണിത്. വിശ്വാസപരമായ പരമ്പരാഗത ചടങ്ങുകളില്‍ അവര്‍ ഒരുമിച്ചു പങ്കാളികളാകുന്നു. സനാതന ധര്‍മ്മത്തിന്റെ കാലാതീത ജ്ഞാനമനുഭവിക്കാനും, ലൗകികതയെ മറികടക്കുന്ന ആഘോഷത്തില്‍ പങ്കുചേരാനുമായി പുണ്യമണല്‍ത്തീരത്തേക്ക് ദശലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്നു. ലോക്‌നാഥിന്റെ ദിവ്യാനുഗ്രഹം മുതല്‍ മഹര്‍ഷി ദുര്‍വാസാവിന്റെ പൗരാണിക പാരമ്പര്യം വരെ, സംന്യാസിമാരുടെ മാനുഷിക ബന്ധങ്ങള്‍ മുതല്‍ ജീവിതാത്ഭുതങ്ങള്‍ വരെ. മഹാകുംഭമേള വിശ്വാസത്തിന്റെയും ഭക്തിയുടെയും ഔന്നിത്യത്തിന്റെയും വര്‍ണ്ണചിത്രമാണ്.

ആദ്യദിനത്തിലെ പൗഷ് പൂര്‍ണ്ണിമ സ്‌നാനത്തില്‍ത്തന്നെ ഒന്നരക്കോടി ഭക്തര്‍ പങ്കെടുത്തുവെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരിക്കുന്നത്. ഇന്ന് മകരസംക്രമ ദിനത്തില്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് യുപി ഭരണകൂടം കണക്കുകൂട്ടുന്നു. ലോകോത്തര സുരക്ഷാ സജ്ജീകരണങ്ങളും അത്യന്താധുനിക സാങ്കേതികവിദ്യകളും കുംഭമേളയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഭാരതത്തിന്റെ പൗരാണികവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങള്‍ക്ക് ആഗോള പ്രാധാന്യം ഉയര്‍ത്താന്‍ കുംഭമേള വഴിയൊരുക്കുമെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. വിശ്വാസവും ഭക്തിയും സംസ്‌കാര വും പവിത്രമായി സംഗമിക്കുന്ന മഹാകുംഭമേളയ്‌ക്ക് ആശംസകള്‍ നേരുന്നതായും ഭാരതത്തിന്റെ കാലാതീതമായ ആത്മീയ പൈതൃകത്തിന്റെ പ്രതിനിധാനമാണ് കുംഭമേളയെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. നാല്‍പ്പത്തഞ്ചു കോടി ജനങ്ങള്‍, ശിവരാത്രി വരെ നീണ്ടുനില്‍ക്കുന്ന ഒന്നരമാസക്കാലം കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുകയാണ്. ജാതിയുടേയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വേര്‍തിരിവുകളില്ലാത്ത സനാതത ധര്‍മ്മത്തിന്റെ സുന്ദര ദൃശ്യം തന്നെയാണിത്. ഇതിലും വലിയ എന്തത്ഭുതമാണ് ലോകത്തിന് മുന്നില്‍ വെയ്‌ക്കാന്‍ ഭാരതത്തിനുള്ളത്!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക