Kerala

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസ് പരാതിപ്പെട്ടത്

Published by

കൊച്ചി : നടി ഹണി റോസ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കാന്‍ മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.

ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. നിലവില്‍ കേസെടുത്തിട്ടില്ലെന്നും കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നില്‍ കണ്ടാണ് ഹര്‍ജി നല്‍കിയതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസ് പരാതിപ്പെട്ടത്. നടിയുടെ വസ്ത്രധാരണത്തെയും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചിരുന്നു. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും ഇതില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ബോബി ചെമ്മണ്ണൂര്‍ വിഷയത്തോടനുബന്ധിച്ചാണ് രാഹുല്‍ ഈശ്വര്‍ നടിക്കെതിരെ പ്രതികരിച്ചത്.

എന്നാല്‍ ഹണി റോസ് അബലയല്ലെന്നും ശക്തയാണെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശത്തിലാണ് തന്റെ വിമര്‍ശനമെന്നും പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന വാര്‍ത്താസമ്മേളനമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക