India

അനുരാഗ് കശ്യപും കേരളത്തിലേക്ക്; മോദി വിരുദ്ധനിലപാടുകാര്‍ക്കെല്ലാം സുരക്ഷിതതാവളം കേരളം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാആയുധി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോളിവുഡിലെ മോദി വിരുദ്ധരെല്ലാം പുതിയ സങ്കേതം തേടുന്ന തിരക്കിലാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് അനുരാഗ് കശ്യപ് എന്ന ചലച്ചിത്ര സംവിധായകനും.

Published by

തിരുവനന്തപുരം: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാആയുധി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോളിവുഡിലെ മോദി വിരുദ്ധരെല്ലാം പുതിയ സങ്കേതം തേടുന്ന തിരക്കിലാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് അനുരാഗ് കശ്യപ് എന്ന ചലച്ചിത്ര സംവിധായകനും. ഇതിന് മുന്‍പ് കോണ്‍ഗ്രസ്-ഉദ്ധവ്താക്കറെ-ശരദ് പവാര്‍ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ മഹാരാഷ്ട ഭരിച്ചിരുന്നപ്പോള്‍ പൗരത്വഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്ട്രിയ്‌ക്കും എതിരെ ബഹളം കൂട്ടിയ സംവിധായകനാണ് അനുരാഗ് കശ്യപ്.

അന്ന് മഹാരാഷ്‌ട്രയില്‍ ഓരോ പ്രശ്നത്തിലും മോദി സര്‍ക്കാരിനെതിരെ ബഹളം കൂട്ടിയവരാണ് അനുരാഗ് കശ്യപ്, താപ്സി പന്നു, സ്വര ഭാസ്കര്‍ എന്നിവര്‍. ഗൂഗിളില്‍ അനുരാഗ് കശ്യപിനെ പരതി നോക്കിയാല്‍ അദ്ദേഹം ചെയ്ത സിനിമകളേക്കാള്‍ എത്രയോ മടങ്ങ് മോദിയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളായിരിക്കും കാണുക. ഏറ്റവുമൊടുവില്‍ പത്താന്‍ എന്ന ഷാരൂഖ് ഖാന്‍ സിനിമയിലെ ബേഷാറാം രംഗ് എന്ന നൃത്തരംഗത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി അവരെ വിമര്‍ശിച്ചിരുന്നു. അനാവശ്യമായി സിനിമയുടെ പേരില്‍ വിവാദമുണ്ടാക്കുക വഴി സനാതനധര്‍മ്മത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മോദി സിനിമാഗാനത്തിനെതിരെ ബഹളം കൂട്ടുന്നവരെ ഉദ്ബോധിപ്പിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും മോദി ഉപദേശം നല്‍കാന്‍ വൈകിയെന്നും ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് കഴിഞ്ഞതിന് ശേഷമാണ് മോദി ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയത് എന്ന് വരെ അനുരാഗ് കശ്യപ് പ്രസ്താവിച്ചിരുന്നു.

യോഗി സര്‍ക്കാര്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള 171 സിനിമക്കാര്‍ക്ക് മാസം തോറും 50000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പിന്‍വലിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് ഇങ്ങിനെ പെന്‍ഷന്‍ നല്‍കുക വഴി ഖജനാവിലെ നികുതിപ്പണം അനാവശ്യമായി പാഴാക്കുകയാണെന്ന് വിമര്‍ശിച്ചിരുന്നു. കാര്യങ്ങള്‍ പഠിച്ച യോഗിയ്‌ക്കും ഇത് ശരിയാണെന്ന് തോന്നി. ഉത്തര്‍പ്രദേശില്‍ ഓരോ വര്‍ഷവും യഷ് ഭാരതി സമ്മാന്‍ ലഭിക്കുന്ന സിനിമക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. പക്ഷെ അമിതാഭ് ബച്ചനും കുടുംബവും ഈ പെന്‍ഷന്‍ വേണ്ടെന്ന് യുപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ പെന്‍ഷന്‍ യോഗി സര്‍ക്കാര്‍ നിരോധിച്ചതും അനുരാഗ് കശ്യപിനെ പ്രകോപിപ്പിച്ചിരുന്നു.

കുറെ നാള്‍ മോദി വിരുദ്ധത പ്രസംഗിച്ച അദ്ദേഹം മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാവുകയും മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുകയും ചെയ്തതോടെയാണ് പൊടുന്നനെ നിശ്ശബ്ദനായത്. അതുവരെ യോഗേന്ദ്രയാദവ്, ഹര്‍ഷ് മാന്‍ഡര്‍, അരുന്ധതി റോയി തുടങ്ങിയവര്‍ക്കൊപ്പം ശക്തമായി ബിജെപി വിരുദ്ധ നിലപാടുകള്‍ എടുത്ത വ്യക്തിയാണ് അനുരാഗ് കശ്യപ്.

ഇപ്പോള്‍ കേരളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ അദ്ദേഹം ഇനി കേരളത്തെ തന്റെ വാസസ്ഥലമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ സൃഷ്ടിപരമായ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലേക്ക് താമസം മാറുകയാണെന്ന് ഈയിടെ അനുരാഗ് കശ്യപ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ എവിടെയാണ് താമസമാക്കുക എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. സിനിമ നിര്‍മ്മിക്കുന്നതിന് മുന്‍പ് അത് എങ്ങിനെ വില്‍ക്കാം എന്ന കാര്യമാണ് ബോളിവുഡ് ആലോചിക്കുന്നത്. സിനിമനിര്‍മ്മാണത്തിന്റെ സന്തോഷം അതോടെ ചോര്‍ന്നുപോകുമെന്നും ഇതില്‍ മടുപ്പുണ്ടെന്നും അതിനാല്‍ ബോളിവുഡ് വിടുകയാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്ന ന്യായീകരണം. അടുത്തിടെ ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ അനുരാഗ് കശ്യപ് ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷമാണ് കേരളത്തിലേക്ക് താമസം മാറ്റുകയാണെന്ന കാര്യം അനുരാഗ് കശ്യപ് തന്നെ വെളിപ്പെടുത്തിയത്. എല്ലാ ജിഹാദി അനുകൂലികള്‍ക്കും സുരക്ഷിതതാവളമായി കേരളം തുടരുകയാണ്.

ഇടത് വിദ്യാര്‍ത്ഥിളിലൂടെ ജീവനക്കാരെ ഉപയോഗിച്ച് ജാതിക്കലാപം ഉയര്‍ത്തിവിട്ട് ഒരു സിനിമാ കോളെജില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണനെയും ശങ്കര്‍ മോഹനെയും പുകച്ച് പുറത്തുചാടിച്ചത് മറക്കാറായിട്ടില്ല. ഈ സംഭവത്തില്‍ ഇടത് അനുഭാവികളായ സിനിമക്കാര്‍ക്കും അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഒരു ഇടത് താവളമായ കോളെജ് ആണ് കട്ടിംഗ് സൗത്ത് എന്ന ആശയത്തിന് ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ കാമ്പസുകള്‍ ജെഎന്‍യു പോലെ ആക്കി മാറ്റുന്നതിനുള്ള ഗൂഢാലോചനകള്‍ കേരളത്തില്‍ കൊണ്ടുപിടിച്ചു നടക്കുന്നു. ഇതില്‍ ഇടത് ചായ് വുള്ള സിനിമക്കാരും ഭാഗഭാക്കാണ്. ഈ ക്യാമ്പിലേക്ക് എത്തിച്ചേരുകയാണോ അനുരാഗ് കശ്യപും എന്നും സംശയം ചില കോണില്‍ നിന്നും ഉയരുന്നുണ്ട്. മിക്കവാറും കൊച്ചിയിലായിരിക്കും അനുരാഗ് കശ്യപ് താമസമാക്കുക എന്നറിയുന്നു. ഇനി ഈ മണ്ണില്‍ നിന്നുകൊണ്ട് പുതിയ സിനിമ സൃഷ്ടിക്കാനാണോ മോദി സര്‍ക്കാരിനെതിരെ പുതിയ സമരമുഖം തുറക്കാനാണോ എന്ന് കണ്ടറിയാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക