ന്യൂദെൽഹി:ശ്രീനഗർ ലേ ദേശീയപാതയിൽ 2400 കോടി രൂപ ചെലവിൽ നിർമ്മിച്ച തന്ത്രപ്രധാനമായ 12 കിലോമീറ്റർ ദൂരം വരുന്ന സോനാ മാർഗ് അഥവാ ഇസഡ് – മോർ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നിർവഹിച്ചു. ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയിലെ പ്രതിരോധ ആവശ്യങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി 2015 മെയ് മാസത്തിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് പൂർത്തിയാക്കിയത്. ഈ തുരങ്കം രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് തന്ത്രപ്രധാനമായ സംഭാവനയാണ് നൽകുന്നത്. ശ്രീനഗറിൽ നിന്ന് 82 കിലോമീറ്റർ അകലെ യാണ് ഇസഡ് – മോർ തുരങ്കത്തിന്റെ പ്രവേശന കവാടം. ഭൂനിരപ്പിൽ നിന്നും 8650 അടി ഉയരത്തിലും 12 കിലോമീറ്റർ നീളത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. 6.4 കിലോമീറ്റർ നീളമുള്ള സോനാ മാർഗ്ഗ് തുരങ്കവും ഒരു ടണലും അപ്രോച്ച് റോഡുകളും ഉൾപ്പെടെയാണിത്. രണ്ടുവരി പാതയുള്ള ഈ തുരങ്കത്തിന് അടിയന്തര സാഹചര്യങ്ങൾക്കായി 7.5 മീറ്റർ വീതിയുള്ള എസ്കേപ്പ് പാസേജും സജ്ജീകരിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ഈ തുരങ്കം ഗതാഗതത്തിനായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ശ്രീനഗറിനും സോനാ മാർഗ്ഗിനുമിടയിൽ ലേയിലേക്കുള്ള ഈ വഴിയിൽ സാധാരണ പാതകളിൽ സംഭവിക്കാറുള്ള മണ്ണിടിച്ചൽ മഞ്ഞുവീഴ്‌ച്ച എന്നിവ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനാകും. തന്ത്രപരമായ ഗതാഗതം സുരക്ഷിതത്വത്തോടെ തടസ്സമില്ലാതെ ഉറപ്പാക്കുകയും ചെയ്യുമെന്നതാണ് ഈ തുരങ്കത്തിന്റെ പ്രത്യേകത. കഠിനമായ ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം സോനാ മാർഗ്ഗി ലേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലായിരുന്നു. കഠിനമായ മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ സോനാമാർഗ്ഗ് റോഡ് അടച്ചിടുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ഈ തുരങ്കം ശീതകാല വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ തുരങ്കം ഒരു വർഷം മുഴുവനും ടൂറിസത്തിന് കരുത്തേകും. പദ്ധതിക്ക് മേൽനോട്ടം വഹിച്ച നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഈ പദ്ധതിയെ ഒരു എൻജിനീയറിങ് വിസ്മയം എന്നാണ് വിശേഷിപ്പിച്ചത്. ഇതിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് തടസ്സമില്ലാതെ എല്ലാ കണക്ടിവിറ്റിയും അത്യന്താധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. 2028 ൽ പൂർത്തിയാകുന്ന സോജില ടണൽ കൂടി പ്രവർത്തനസജ്ജമായാൽ ഈ റൂട്ടിലൂടെയുള്ള വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്റർ ആയി ഉയരുമെന്ന് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: