തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും പറഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഗോപന്റെ ഭാര്യയും മകനും കല്ലറയ്‌ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റി. വീട്ടിലേക്കാണ് ഇവരെ മാറ്റിയത്. വീട്ടിന് മുന്നില്‍ പോലീസ് കാവല്‍ ഏർപ്പെടുത്തി. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.
സബ്കളക്ടറുടെ സാന്നിധ്യത്തിലാവും ഫോറന്‍സിക് പരിശോധന. സബ് കളക്ടറും ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസും പ്രദേശത്തുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്.
നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മ്മിച്ചത്. സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പോലീസ് കേസെടുക്കുകയായിരുന്നു.
ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്‌ക്ക് പോലീസ് എത്തിയത്. അതേ സമയം ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാൻ കഴിയുമായിരുന്നു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക