Kerala

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ട്: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം സമാപിച്ചു

Published by

തിരൂര്‍: ഭാരതത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ‘1924ലെ ആലുവ സര്‍വ്വമത സമ്മേളനം- ആനുകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ച അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വൈവിധ്യത്തേയും ഉള്‍ക്കൊള്ളാനുള്ള ശേഷി കമ്മ്യൂണിസത്തിനില്ല. എം.വി. രാഘവനോടുള്ള വൈരം കമ്മ്യൂണിസ്റ്റുകാര്‍ തീര്‍ത്തത് അദ്ദേഹം വളര്‍ത്തുന്ന പാമ്പുകളെ ചുട്ടുകൊന്നുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വൈരം മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കുമില്ല. മാനവികത കമ്മ്യൂണിസത്തിന് സ്വപ്നം കാണാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് സംസ്‌കാരം കേരളത്തില്‍ വേരുന്നിയതോടെ സമൂഹത്തില്‍ ഭിന്നത വളര്‍ത്തപ്പെട്ടു. ഇന്നും സംസ്ഥാനത്ത് മതവൈര്യം ഉണ്ടാക്കാനാണ് ഇടതുപക്ഷം പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മലയാളികളോട് സംവദിക്കുകയും അവര്‍ക്ക് സനാധന ധര്‍മ്മത്തേക്കുറിച്ച് ബോധ്യമുണ്ടാക്കികൊടുക്കുകയും ചെയ്ത ഋഷിവര്യനാണ് ശ്രീനാരായണഗുരുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. സി.എം. ജോയി അദ്ധ്യക്ഷത വഹിച്ചു.

ദേശീയ യവജനദിനത്തില്‍, സ്വാമി വിവേകാനന്ദന്റെ ചിത്രത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനത്തിന് തുടക്കം കുറിച്ചത്. സമാപന സഭയുടെ ഉദ്ഘാടനം കല്‍ക്കട്ട വിശ്വഭാരതി സര്‍വ്വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂര്‍ ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം കാര്യാദ്ധ്യക്ഷന്‍ ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദക്ഷിണ ക്ഷേത്രീയ സംയോജക് വിശ്വനാഥ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, അദ്ധ്യക്ഷന്‍ ഡോ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ജില്ലാ അദ്ധ്യക്ഷന്‍ ഡോ.എം.പി. രവിശങ്കര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ പാണ്ടിക്കാട് സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക