ഹൈദരാബാദ്: ജലാശയത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ മുങ്ങിമരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടിലെ കൊണ്ട പൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറിലാണ് സംഭവം. മുഷീറാബാദ് സ്വദേശികളായ ധനുഷ് (20), സഹോദരന്‍ ലോഹിത് (17), ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍ (17), കൈറാത്ബാദ് സ്വദേശി ജതിന്‍ (17), സഹില്‍ (19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ. മൃഗംങ്ക് (17) മുഹമ്മദ് ഇബ്രാഹിം (20) എന്നിവര്‍ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെയാണ് ഏഴംഗ സംഘം ജലാശയത്തിലെത്തിയത്. ശേഷം റീല്‍സ് ചിത്രീകരിക്കാനായി ആഴമുള്ള ഭാഗത്തേക്ക് പോയതോടെയാണ് ഇവര്‍ മുങ്ങിയത്. ഇതില്‍ ആര്‍ക്കും തന്നെ നീന്തല്‍ അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഴമുള്ള ഭാഗത്ത് ആദ്യം മുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബാക്കിയുള്ളവരും അപകടത്തില്‍പ്പെട്ടത്. ഇതില്‍ രക്ഷപ്പെട്ട രണ്ട് പേരാണ് സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരടക്കം എത്തി മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക