ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം. പുഷ്പ വിഹാര്‍ രാധാകൃഷ്ണന്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നുവന്ന 25 യുവപ്രതിഭകള്‍ ചേര്‍ന്ന് വിളക്ക് തെളിച്ചതോടെയാണ് രജതജയന്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.
ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, സ്വാഗതസംഘം സംയോജകന്‍ എം.ആര്‍. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി.
കഥയും കവിതയുമുള്ള കുട്ടികളില്‍ കലാപമുണ്ടാകില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.ടി.പി. ശശികുമാര്‍ അഭിപ്രായപ്പെട്ടു. മാനവ സേവയാണ് നമ്മുടെ സംസ്‌കാരം. അതാണ് ബാലഗോകുലം കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്നത്. ധര്‍മ്മം പാലിച്ചാല്‍ സംസ്‌കാരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ദല്‍ഹി പ്രാന്തസഹകാര്യവാഹ് ഉത്തംകുമാര്‍ അനുഗ്രഹഭാഷണം നടത്തി.
രക്ഷാധികാരി ബാബു പണിക്കര്‍, അധ്യക്ഷന്‍ പി.കെ. സുരേഷ്, പൊതുകാര്യദര്‍ശി ബിനോയ് ബി. ശ്രീധരന്‍, സംഘടനാ കാര്യദര്‍ശി കെ.വി. അജികുമാര്‍, വിവേക യുവജാഗ്രത കോ-ഓര്‍ഡിനേറ്റര്‍ ബിജി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
ബാലഗോകുലാംഗങ്ങളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികളും സമ്മാന ദാനവും മാജിക്ഷോയും നടന്നു. ബാലഗോകുലം ദല്‍ഹി-എന്‍സിആറില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക