തിരുവനന്തപുരം: ദേശീയ തലത്തില്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നവും സമഗ്രവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ 15, 16 വയസ്സില്‍ത്തന്നെ, യുവതീ യുവാക്കള്‍ക്ക് പുതിയ സംരഭകങ്ങള്‍ തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനവും, ശേഷിയും, മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാന്‍ സംരഭകത്വ കമ്മിഷനുകളിലൂടെ സാധ്യമാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലന്വേഷകരേക്കാള്‍ തൊഴില്‍ നല്‍കുന്നവരാകാന്‍ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിച്ച് ഓരോ പൗരനെയും സ്വയം പര്യാപ്തരാക്കുക എന്ന ആശയമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന പരിപാടിയായ ‘കേരള യൂത്ത് ഫോക്കസ്’ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള അധ്യക്ഷനായി.
ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ മാര്‍ഗ നിര്‍ദേശം നല്‍കി. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ നിലനിര്‍ത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും എസ്‌ജെഎം പ്രതിജ്ഞാബദ്ധമാണെന്ന് രഞ്ജിത്ത് കാര്‍ത്തികേയന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സജീവ് എസ്. ആര്‍ (കൊല്ലം), രമേശ് കെ. വി (കോട്ടയം), പത്മകുമാര്‍ (തിരുവനന്തപുരം), അഡ്വ. അമ്പിളി (കൊല്ലം), കേണല്‍ പൊന്നമ്മ (തിരുവനന്തപുരം), ശിവകുമാര്‍ (ആലപ്പുഴ), ഉണ്ണികൃഷ്ണന്‍ (തിരുവനന്തപുരം), നിധീഷ് (ആലപ്പുഴ) തുടങ്ങിയവരെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക