ഗുവഹാത്തി: ദേശീയ വിമന്‍സ് അണ്ടര്‍ 23 ടി 20യില്‍ തോല്‍വിയറിയാതെ നോക്കൗട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകള്‍ നോക്കൗട്ടില്‍ പ്രവേശിച്ചത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്നലെ ഗുജറാത്തിനെ കേരളം 32 റണ്‍സിന് തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 44 റണ്‍സെടുത്തു. മാളവിക 27ഉം വൈഷ്ണ 31ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍, വേഗത്തില്‍ റണ്‍സുയര്‍ത്തിയ ക്യാപ്റ്റന്‍ നജ്‌ല സിഎംസിയുടെയും അജന്യ ടി പിയുടെയും പ്രകടനം കൂടിച്ചേര്‍ന്നതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 124ല്‍ അവസാനിച്ചു. നജ്‌ല 23ഉം അജന്യ പുറത്താകാതെ 16ഉം റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ മികച്ച ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും കേരള താരങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കി. വിക്കറ്റുകള്‍ മുറയ്‌ക്ക് വീണതോടെ ഗുജറാത്തിന്റെ മറുപടി 92ല്‍ അവസാനിച്ചു. 21 റണ്‍സെടുത്ത ചക്‌സു പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും സ്‌റ്റെഫ് സ്റ്റാന്‍ലി, അലീന എം പി, ഭദ്ര പരമേശ്വരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു. ജനുവരി 16 മുതല്‍ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക