അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അരനൂറ്റാണ്ട് തികയാന്‍ ഇനി ആണ്ടുകളേറെ വേണ്ടല്ലൊ. അതിന്റെ ഓര്‍മകള്‍ ഇപ്പോഴും ഇടയ്‌ക്കിടെ തികട്ടിവരുന്നു. ജനാധിപത്യ തത്വങ്ങളെ അവഗണിക്കുന്നുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ വിളിച്ചുകൂവുന്നതു കേള്‍ക്കുന്നു. സഭയില്‍ ഒരു ഡയറിയുടെ വലിപ്പം മാത്രമുള്ള ഭരണഘടനാ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് അതിനെ സംരക്ഷിക്കുന്ന കാര്യവും പറയുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ഭേദഗതി ചെയ്താണ് അതില്‍ സെക്കുലറിസം എന്ന വാക്ക് മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന കാര്യം അദ്ദേഹം മിണ്ടുന്നില്ല. അതിനു മുമ്പ് തന്നെ ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ളവര്‍ ‘സെക്കുലറിസ’ത്തെക്കുറിച്ചു പറയാറുണ്ടായിരുന്നു. ആ വാക്കിന്റെ അര്‍ത്ഥം ‘ഭൗതികം’ എന്നാണെന്നു കാര്യം ആരും ഓര്‍ക്കുന്നില്ല എന്നു മാത്രം.
അടിയന്തരാവസ്ഥയെ തുടര്‍ന്നു ഈയുള്ളവനും ഒരു കള്ളക്കേസില്‍ കുടുക്കപ്പെട്ടു നാലു മാസം കോഴിക്കോട്ടെ സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയേണ്ടി വന്നു. അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണമായിരുന്നു ചുമത്തപ്പെട്ടതെന്ന് അതു വിചാരണ ചെയ്ത ന്യായാധിപന്‍ കണ്ടെത്തിയിരുന്നു. സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ആര്‍എസ്പിക്കാരനായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കുശേഷം ബിജെപിയില്‍ അംഗത്വമെടുക്കുകയുമായിരുന്നു.
ജയിലില്‍ നിന്നു പുറത്തുവന്നപ്പോഴേക്കു അടിയന്തരാവസ്ഥക്കെതിരായ സമരത്തിന്റെ ആസൂത്രണം ഏതാണ്ടു പൂര്‍ത്തിയായിരുന്നു. എനിക്ക് കുറിപ്പെട്ട ചുമതലയൊന്നും ലഭിച്ചില്ല. ആദ്യം പാലക്കാടും പിന്നീട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകരെ സഹായിക്കുകയായിരുന്നു ചെയ്തത്. രാമന്‍പിള്ളയുടെയും ഹരിയേട്ടന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം ഭൂഗര്‍ഭ പ്രവര്‍ത്തകര്‍ക്കു വേണ്ടതായ സഹകരണം ചെയ്തുവന്നു. അതിനിടയിലെ ഒരു ദിവസം നടന്ന കാര്യങ്ങള്‍ ഇവിടെ വിവരിക്കുകയാണ്.
ഞാന്‍ പ്രചാരകനായി കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച വടകര കോഴിക്കോടു ജില്ലകളിലെ കടത്തനാട് കുറുമ്പ്രനാട് എന്നറിയപ്പെട്ടിരുന്ന വടകര, കൊയിലാണ്ടി താലൂക്കിലെ ഭാഗങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു. കുറ്റിയാടിയില്‍നിന്നും പേരാമ്പ്രയ്‌ക്കു നടന്നാണ് പോന്നത്. വഴിക്കു കുറ്റിയാടി ജലസേചന പദ്ധതിയുടെ അണയും റെസ്റ്റ് ഹൗസുമുണ്ട്. രണ്ടു മൂന്നു കി.മീ. നടക്കണമെന്നേയുള്ളൂ. ധാരാളം പേര്‍ അങ്ങോട്ടു പോകുന്നവരായുമുണ്ട്. വെള്ളം കവിഞ്ഞൊഴുകുന്ന ചീപ്പുകളുമുണ്ടവിടെ. ഇരുവശങ്ങളിലേക്കും ജലസേചനത്തോടുകളുമുണ്ട്. തോട്ടില്‍ ആയിടെ മുതല കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. റെസ്റ്റ് ഹൗസില്‍ ജീവനക്കാരന്‍ ബാലുശ്ശേരിയിലെ ഒരു സ്വയംസേവകനായിരുന്നു. എന്നെ കണ്ടപ്പോള്‍ ആഹ്ലാദവാനായ അദ്ദേഹം ഭക്ഷണം തന്ന് അണയും, കനാലുകളുടെ സംവിധാനവുമൊക്കെ വിശദമായി പറഞ്ഞുതന്നു. മുതലക്കുഞ്ഞുങ്ങളുടെ പരിപാലനവും വിവരിച്ചു. അണയുടെ സ്പില്‍വേകളുടെയും പ്രവര്‍ത്തനവും കണ്ടു. അഞ്ചില്‍ മൂന്നെണ്ണമേ തുറന്നിരുന്നുള്ളൂ. അതിന്റെ പ്രവര്‍ത്തനം നടത്തുന്നയാള്‍ സാങ്കേത ജ്ഞാനമുള്ളയാളാണ്. മിനിട്ടില്‍ എത്ര ക്യൂബിക് വെള്ളമാണ് വിടേണ്ടതെന്നും മറ്റുമുള്ള വിശദമായ കണക്കുകള്‍ അവര്‍ക്കുണ്ട്. തടാകത്തിന്റെ മുകള്‍ഭാഗത്ത് ബോട്ടിങ് താമസിയാതെ ശരിയാകുമെന്നുമറിവായി. അടിയന്തരാവസ്ഥ മൂലമാണ് വൈകുന്നതെന്നുമറിഞ്ഞു.
ഗസ്റ്റ് ഹൗസില്‍നിന്ന് ആഹാരം കഴിഞ്ഞ് അന്നവിടെ കൂടാമെന്നുള്ളതിനാല്‍ അവസാന ബസ്സിന് പുറപ്പെട്ടില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡിഎസ്പിയും എഡിഎമ്മുമൊക്കെ അവിടെ രാത്രിയെത്തുമെന്നും അതിനാല്‍ അവിടെ താമസിക്കുന്നതസാദ്ധ്യമാണെന്നും ആ സ്വയംസേവകന്‍ പറഞ്ഞു. അവര്‍ക്ക് രാത്രിയിലേക്കാവശ്യമുള്ള തീറ്റയ്‌ക്കും കുടിയ്‌ക്കും വേണ്ടതു കൊണ്ടുവരാന്‍ കുറ്റിയാടിയ്‌ക്കു പോകുന്ന ജീപ്പില്‍ അവിടെ വരെ പോകാമെന്നു ഓഫര്‍ വന്നു. കുറ്റിയാടി പരിചിത സ്ഥലമല്ലല്ലൊ, ആ സൗകര്യമുപയോഗിക്കാന്‍ തയ്യാറായി. കുറ്റിയാടിയില്‍ ജലസേചന, മരാമത്തു വകുപ്പുദ്യോഗസ്ഥരുടെ കോളനിയുണ്ട്. അവിടെ കണ്ട ബോര്‍ഡ് ആശയ്‌ക്കു വക നല്‍കി. പി.കെ. ഭാസ്‌കരന്‍ ജൂനിയര്‍ എഞ്ചിനീയര്‍ കോഴിക്കോട്ടുകാരനായിരുന്നു. ഭാസ്‌കരന്‍ കണ്ണൂരിലെ സംഘകാര്യാലയമായ തളാപ്പിലെ ‘രാഷ്‌ട്ര മന്ദിര’ത്തില്‍ വി.പി.ജനേട്ടന്റെ താല്‍പ്പര്യപ്രകാരം താമസിച്ചിരുന്നു. ഞാനുമൊരുമിച്ച് പ്രഥമവര്‍ഷ സംഘശിക്ഷണവും കഴിഞ്ഞവരായിരുന്നു. ഭാസ്‌കരനെ മുട്ടി വിളിച്ചു. ഉറങ്ങിയിരുന്നില്ല. എന്റെ പ്രതിസന്ധി മനസ്സിലാക്കിയ അദ്ദേഹം ഗസ്റ്റ് ക്വാര്‍ട്ടറില്‍ എനിക്കു സൗകര്യപ്പെടുത്തി. പതിനഞ്ചുവര്‍ഷത്തെ വിടവിനുശേഷം ഒട്ടേറെ പറയാനുണ്ടായിരുന്നു. അദ്ദേഹം പെരിങ്ങത്തൂര്‍ എന്ന സ്ഥലത്തു ജോലിയിലിരുന്നപ്പോള്‍ ഒരു ദിവസം ഞാനവിടെ പോയതും കുറുക്കന്മാരുടെ വിഹാരരംഗമായിരുന്ന പരിസരങ്ങളുള്ള വീട്ടില്‍ താമസിച്ചതുമൊക്കെ അനുസ്മരിച്ചു. പുലര്‍ച്ചെ അദ്ദേഹത്തെ വിളിക്കാതെ ഒന്നാമത്തെ ബസ്സിനു തന്നെ കോഴിക്കോട്ടേയ്‌ക്കു പോകുമെന്നറിയിച്ചുവെങ്കിലും, ഞാന്‍ എണീറ്റ് കുളി കഴിഞ്ഞു തയാറായപ്പോഴേക്കും ഭാസ്‌കരനും പത്‌നിയും, മക്കളും ചായയും, ഉപദംശങ്ങളുമായി എത്തി അതു കഴിപ്പിച്ചു യാത്രയാക്കി.
ബസ്സില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാലും വര്‍ഷങ്ങള്‍ക്കു മുന്‍പ് തളീക്കര ശാഖയില്‍ വന്നിരുന്ന എ.പി. കണാരനും ചന്തുവും ബസ്സിലെത്തി എന്നെക്കണ്ട് വിസ്മയിച്ച അവര്‍ അടുത്തുവന്നിരുന്നു. ഔചിത്യപൂര്‍വം തന്നെ സംസാരിച്ചു. കോഴിക്കോട്ടെത്തിയപ്പോഴെ ആശ്വാസമായുള്ളൂ. സംഘവ്യവസ്ഥയില്‍ എനിക്കു നിര്‍ദ്ദേശിക്കപ്പെട്ട വീട്ടില്‍ ചെന്നു കൂടി.
യൂണിവേഴ്‌സിറ്റി കോളജില്‍ എന്റെ സഹപാഠിയായിരുന്ന പന്തളത്തുകാരന്‍ നീലകണ്ഠയ്യര്‍, എല്‍ഐസിയില്‍ ഉദ്യോഗസ്ഥനായി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസിച്ചിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഞാന്‍ താമസിക്കുമായിരുന്നു. സംഘാധികാരിമാരെ ആ വിവരം അറിയിച്ചില്ല. ഒളിവിലാണെന്ന വിവരം അദ്ദേഹത്തോട് പറഞ്ഞുതന്നെയാണവിടെ താമസിച്ചതും. പഠിത്തക്കാലത്തു അയ്യര്‍ എസ്എഫും, ഞാന്‍ സ്വയംസേവകനും ആയിരുന്നു. എല്‍ഐസിയിലെ താഴെക്കിട ജീവനക്കരെ നിയമിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ഒന്നുരണ്ട് സ്വയംസേവകര്‍ക്ക് അതു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. സിപിഐ നിയമസഭാംഗമായിരുന്ന ധര്‍മരാജയ്യരുടെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ പത്‌നി. ഒരുത്തരാഫ്രിക്കന്‍ രാജ്യത്തിലെ ഇന്‍ഷ്വറന്‍സ് മേഖല സംഘടിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ അയച്ചു. ഏറ്റവും സ്തുത്യര്‍ഹമായി അതു നിര്‍വഹിച്ചു. എന്നാല്‍ അവിടെ ഒരു വാഹനാപകടത്തില്‍ അയ്യര്‍ മരിച്ചു. വിവരം പത്രത്തില്‍ വായിച്ചാണു ഞാനറിഞ്ഞത്.
ഇത്തവണ സംഘപഥം അപ്പൂപ്പന്‍താടി പോലെ പാറിപ്പറന്നു പോയി. വായനക്കാര്‍ക്കു വിഷമമായെങ്കില്‍ ക്ഷമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക