വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രം ശ്രീ പാര്‍വ്വതി ദേവിയുടെ നടതുറക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കാരുണ്യമൂര്‍ത്തിയായ സദാശിവനെ കിഴക്കോട്ടു ദര്‍ശനമായും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി ശ്രീപാര്‍വ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാദേവന്റെ മുന്‍പിലെ മണ്ഡപത്തില്‍ ദേവനെ ദര്‍ശിച്ചുകൊണ്ട് ഋഷഭവും തിരുമുറ്റത്ത് ചിങ്ങം രാശിയില്‍ കിഴക്കു ദര്‍ശനമായി ശ്രീ മഹാഗണപതിയുമുണ്ട്. ശ്രീകോവില്‍ വളപ്പിനുപുറത്ത് മതില്‍ക്കെട്ടിനുള്ളിലായി, മിഥുനം രാശിയില്‍ പടിഞ്ഞാറു ദര്‍ശനമായി ജഗദംബികയായ സതീദേവി, ഭക്തപ്രിയയായ ഭദ്രകാളി, കന്നിരാശിയില്‍ കിഴക്കു ദര്‍ശനമായി കലിയുഗവരദനായ ധര്‍മ്മശാസ്താവ്, കുഭം രാശിയില്‍ കിഴക്കു ദര്‍ശനമായി ചതുര്‍ബാഹുവായ മഹാവിഷ്ണു എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. അഭീഷ്ട വരദായനിയായ ശ്രീപാര്‍വ്വതിദേവിയെയും ശ്രീമഹാദേവയെും നടതുറപ്പ് മഹോത്സവവേളയില്‍ ദര്‍ശനം നടത്തിയാല്‍ മംഗല്യ സൗഭാഗ്യവും ദീര്‍ഘമംഗല്യവും അഷ്ടസൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
ഐതിഹ്യം
അകവൂര്‍ മനയുടെ ചരിത്രവുമായി ഇടകലര്‍ന്നതാണ് ക്ഷേത്ര ഐതിഹ്യം. ഇരിങ്ങാലക്കുടക്ക് സമീപമാണ് അകവൂര്‍ മനയുടെ മൂലകുടുംബം. ഇവിടം ഭരിച്ചിരുന്നവര്‍ ഭിന്നിച്ച് ഐരാണിക്കുളത്തുനിന്നും വെള്ളാരപ്പിള്ളി ഗ്രാമത്തിലേക്ക് മാറിയതായാണ് ചരിത്രം. താമസം മാറ്റിയെങ്കിലും ഐരാണിക്കുളത്തപ്പനേയും ശ്രീപാര്‍വ്വതിയേയും മനയിലുള്ളവര്‍ നിത്യദര്‍ശനം നടത്തിയിരുന്നു. ഈ കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലത്തിലെ ചാത്തന്‍ അകവൂര്‍ മനയ്‌ക്കലെ ആശ്രിതനാകുന്നത്. ഐരാണിക്കുളത്ത് ക്ഷേത്രദര്‍ശനത്തിനു പോകുക വലിയ ബുദ്ധിമുട്ടായത് മനയിലുള്ളവരെ വല്ലാതെ അലട്ടി. ചാത്തനാകട്ടെ കരിങ്കല്ലുകൊണ്ട് തോണിയുണ്ടാക്കി ബ്രാഹ്മണനെ അതില്‍ക്കയറ്റി പുഴയിലൂടെ ക്ഷേത്രദര്‍ശനം മുടങ്ങാതെ ചെയ്യിച്ചു. ഒരു ദിവസം ദര്‍ശനവും ഉപാസനകളും കഴിഞ്ഞു തിരിക്കും മുമ്പ് വൃദ്ധബ്രാഹ്മണന്‍ ദേവനോടു സങ്കടം പറഞ്ഞു: ”മഹാദേവാ, പ്രായാധിക്യവും ക്ഷീണവുംകൊണ്ട് ദിവസേന ഇവിടെ വന്ന് ദര്‍ശിക്കുവാന്‍ കഴിയാതെ വന്നിരിക്കുന്നു. അവിടുത്തെ ദര്‍ശിക്കാതെ ജലപാനംപോലും കഴിച്ചിട്ടില്ല. ഇനി ഞാന്‍ എന്തുചെയ്യും.” ഇങ്ങനെ അപേക്ഷിച്ചശേഷം ഓലക്കുടയെടുത്തപ്പോള്‍ പതിവിലും ഭാരം തോന്നി. ചാത്തനോടു പറഞ്ഞപ്പോള്‍ സാരമില്ലെന്നു സമാധാനിപ്പിച്ച് യാത്രയൊരുക്കി. മനയ്‌ക്കലെ കടവിലെത്താന്‍ അരനാഴികദൂരം ബാക്കിയുള്ളപ്പോള്‍ തിരുമേനിക്ക് മൂത്രശങ്കയുണ്ടായി. ചാത്തന്‍ കരിങ്കല്ലുവഞ്ചി കരയ്‌ക്കടുപ്പിച്ചു. ശൗചാചമനാദികള്‍ കഴിഞ്ഞ് കുടയെടുത്തപ്പോള്‍ അതിന്റെ ഭാരം കുറഞ്ഞിരിക്കുന്നു. ചാത്തനോട് ഇക്കാര്യവും പറഞ്ഞെങ്കിലും സാരമില്ലെന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചു.ചാത്തന്‍ മനയ്‌ക്കലെ കടവില്‍ വഞ്ചി അടുപ്പിച്ചു തിരുമേനിയെ ഇറക്കി. കരിങ്കല്‍ത്തോണി ഒരു വിളിപ്പാടകലെ കിഴക്കായി ചാത്തന്‍ കമഴ്‌ത്തി. തോണിയുടെ ആകൃതിയില്‍ ഉള്ള ഒരു കല്ല് ഇന്നും അവിടെ കാണാം.
‘ചാത്തന്‍കല്ല്.’ എന്ന പേരിലാണിത് അറിയപ്പെടുന്നത്. തിരുവൈരാണിക്കുളം ക്ഷേത്രം ഇരിക്കുന്ന സ്ഥലം അക്കാലത്ത് കാട്ടുപ്രദേശമായിരുന്നു. അവിടെ ചവര്‍ അറക്കുവാന്‍ സ്ത്രീകള്‍ ഇവിടെ പോകുമായിരുന്നു. ഒരു ദിവസം ഒരു പുലയ സ്ത്രീ അരിവാളിനു മൂര്‍ച്ച കൂട്ടുവാന്‍ ഒരു കല്ലില്‍ ഉരച്ചു. ഉടനെ ആ പാറക്കല്ലില്‍ രക്തം പൊടിഞ്ഞു. ഇതുകണ്ട് സ്ത്രീ ഭയന്നോടി. അവള്‍ ബുദ്ധിഭ്രമത്താല്‍ ഓടി മൂന്നു കിലോമീറ്റര്‍ കിഴക്കുള്ള ഒരു പറമ്പില്‍ ചെന്നുവീണു. സ്ത്രീ ഓടിയ സ്ഥലമെല്ലാം ഉടമസ്ഥര്‍ ക്ഷേത്രത്തിലേക്ക് വിട്ടുകൊടുത്തു. വാരനാട്ടുമഠം എന്നാണ് പറമ്പിനു പറയുന്നത്. ക്ഷേേ്രത്രാത്സവകാലത്ത് ഈ പറമ്പിലേക്കാണ് ആദ്യമായി പറ എഴുന്നള്ളിപ്പ് നടത്തുന്നത്. ഇവിടെ ദേവന് ഇറക്കി പൂജയും ഉണ്ട്. ഈ പറമ്പിലും, ക്ഷേത്രങ്ങളിലും ഒഴിച്ച് മറ്റെങ്ങും ഇറക്കി പൂജ നടത്താറില്ല. ദേവന് ഈ പറമ്പിനോട് പ്രത്യേകതയുണ്ടെന്നു കാണാം. സംഭവങ്ങളെല്ലാം ബ്രാഹ്മണനോടു ചാത്തന്‍ പറഞ്ഞു. ആ ശില സാക്ഷാല്‍ ഐരാണിക്കുളത്തപ്പന്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണ്. ഐരാണിക്കുളത്തുനിന്നും തിരിഞ്ഞു വന്നതാണ്. അതിനാല്‍ ഈ ക്ഷേത്രം തിരുവൈരാണിക്കുളം എന്ന പേരില്‍ മഹാക്ഷേത്രമായിത്തീരും. ഐരാണിക്കുളത്തപ്പനും, തിരുവൈരാണിക്കുളത്തപ്പനും ഒന്നുതന്നെയെന്നു തെളിഞ്ഞതു മുതല്‍ ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ബ്രാഹ്മണന്‍ പുഴക്കടവില്‍ കുടവച്ചപ്പോള്‍, അതുവരെ കുടപ്പുറത്തുവന്ന മഹാദേവന്‍, പുഴക്കടവില്‍ നിന്നു ഭൂഗര്‍ഭത്തിലൂടെ ക്ഷേത്രക്കിണര്‍ ഉള്ള ദിക്കില്‍ വന്നെന്നും, പിന്നീട് ശ്രീകോവില്‍ സ്ഥാനത്തു സ്വയംഭൂവായി ആവിര്‍ഭവിച്ചെന്നുമാണ് വിശ്വാസം. ദേവനും ക്ഷേത്രക്കിണറും തമ്മില്‍ ബന്ധമുള്ളതിനാല്‍ കിണര്‍ അശുദ്ധമായാല്‍ ദേവനും അശുദ്ധമായി എന്നാണ് കരുതുന്നത്. ഇത് മറ്റൊരിടത്തുമില്ലാത്ത അനുഭവമാണ്. കിണറിന്റെ തെക്കു പുറത്തുകൂടി പുഴക്കടവുവരെ ഒരു ഗുഹ ഉണ്ടെന്നും വിശ്വാസമുണ്ട്. കിണറിന്റെ തെക്കുഭാഗത്ത് ഗുഹാമുഖം ഇന്നും കാണാം. ദേവന്‍ അന്ന് അപ്രത്യക്ഷനായ പുഴക്കടവിലാണ് ആറാട്ടു നടത്തുന്നത്. ഈ കടവിനു തേവരു കടവെന്നും ആറാട്ടു കടവെന്നും പേരുണ്ട്.
ദേവിയുടെ നട അടച്ചിടാന്‍ കാരണം
ആദ്യകാലങ്ങളില്‍ പാര്‍വ്വതിദേവിയുടെ നട ദിവസവും തുറന്ന് ദര്‍ശനം ലഭിക്കുമായിരുന്നു. മഹാദേവനുള്ള നിവേദ്യാദികള്‍ ദേവിയാണ് തിടപ്പള്ളിയില്‍ പാകം ചെയ്തിരുന്നത്. ഈ സമയത്ത് തിടപ്പള്ളിയില്‍ ആരും ചെല്ലുവാനും നോക്കുവാനും പാടില്ലെന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഊരാണ്മക്കാരില്‍ ഒരു തിരുമേനി തിടപ്പള്ളി രഹസ്യം അറിയണമെന്ന് തോന്നി ഒളിഞ്ഞ് നോക്കിയത്രെ. സര്‍വ്വാഭരണവിഭൂഷിതയായ ജഗദംബികയെ തിടപ്പള്ളിയില്‍ നമ്പൂതിരി കണ്ടു. നമ്പൂതിരി ഭക്തിയാല്‍ ”അമ്മേ ഭഗവതി, ജഗദംബികേ” എന്നു വിളിച്ചുപോയി. ശബ്ദംകേട്ട സ്ഥാനത്തേക്ക് ദേവി നോക്കിയിട്ടു പറഞ്ഞു: ”പതിവിനു വിപരീതമായി കണ്ടതിനാല്‍ ഞാനിനി ഇവിടെ നില്‍ക്കില്ല. ഇതാ പോകുന്നു”. വ്യസന പരവശനായ ബ്രാഹ്മണന്‍ പറഞ്ഞു: ”അമ്മേ, ജഗദംബികേ, വിട്ടു പോകരുതേ, തെറ്റുപൊറുക്കണേ, ക്ഷമിക്കണേ”. ഭക്തനായ നമ്പൂതിരിയുടെ അപേക്ഷയില്‍ ദേവിയുടെ ഉള്ളലിഞ്ഞു പറഞ്ഞു: ”ഭഗവാന്റെ തിരുനാള്‍ ദിവസമായ ധനുമാസത്തിലെ തിരുവാതിര നാള്‍ അസ്തമിച്ച് കുസുമധാരണ സമയത്തിനുമുമ്പ് സര്‍വ്വാലങ്കാരഭൂഷിതയായി ദര്‍ശനം തരാം. അന്നുതൊട്ട് 12 ദിവസം ദര്‍ശിക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹവും മംഗല്യാദി സൗഭാഗ്യങ്ങളും പ്രദാനവും ചെയ്യാം” എന്ന്. ഈ ഐതിഹ്യത്തിലാണ് പാര്‍വ്വതി ദേവിയുടെ നട സാധാരണ അടച്ചിടുന്നതും തിരുവാതിര മുതല്‍ 12 ദിവസം നടതുറന്ന് ദര്‍ശന സൗഭാഗ്യം ലഭിക്കുന്നതും. ഇവിടെ ബിംബത്തിനു (ശിലയില്ല) പ്രത്യേകതയുള്ളതിനാല്‍ ജലാഭിഷേകമില്ല. പകരം മഞ്ഞള്‍പ്പൊടി അഭിഷേകമാണ്. ദേവിയുടെ സാന്നിദ്ധ്യം ഉള്ളതിനാല്‍ പൂജാദികാര്യങ്ങളും, നിവേദ്യവും വഴിപാടുകളും നിത്യേനയുണ്ട്. 12 ദിവസത്തെ നടതുറപ്പിനും ഉത്സവസമാപനത്തിലെ നടയടപ്പിനും പ്രത്യേക ചടങ്ങുകളുണ്ട്. ദേവിയുടെ തോഴിയായി സങ്കല്പ്പിക്കെപ്പടുന്ന പുഷ്പിണിയുടെ സാന്നിദ്ധ്യവും അനിവാര്യമാണ്. ഇന്ന് രാത്രി എട്ടുമണിക്കു നടതുറപ്പോടെയാണ് ഇത്തവണത്തെ ഉത്സവം ആരംഭിക്കുന്നത്. 23ന് രാത്രി എട്ടിന് നട അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: