ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് പതിനെട്ടാം പടി കേന്ദ്രീകരിച്ചാണ്. ദേവഹിതം അനുകൂലമെങ്കില്‍ താന്ത്രിക വിധിപ്രകാരവും വാസ്തുശാസ്ത്രമനുസരിച്ചും പതിനെട്ടാംപടി പുനരുദ്ധരിക്കേണ്ട കാലമായി.
പതിനെട്ടാംപടി പുനരുദ്ധരിക്കണം
ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യമുണ്ട് പതിനെട്ടാംപടിക്ക്. ഐതീഹ്യപരമായി പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും 18 മലകളുടെ ദേവതകളെ കുടിയിരുത്തിയ സ്ഥാനം എന്നതിതാണ് പ്രാധാന്യം. കാനന ദേവനായ അയ്യപ്പനെ വണങ്ങുന്നതിനു മുമ്പ് 18 മലദൈവങ്ങളേയും തൊഴുത് പടി കയറുന്ന സങ്കല്‍പ്പമാണ് ഇവിടെ. 18 മലദേവതകളെ ആവാഹിച്ച് ഗിരിദേവതാസങ്കല്‍പ്പത്തിലാണ് പടിപൂജ. ഉച്ചപൂജാ വേളയില്‍ ഹവിസ് പടിയില്‍ തൂകുന്നുമുണ്ട്.
ശബരിമല ക്ഷേത്രം പുല്ലു മേഞ്ഞിരുന്ന കാലം മുതല്‍ പതിനെട്ടാംപടിയുണ്ട്. കാനന ക്ഷേത്രമായതിനാല്‍ വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം കൂടി കണക്കിലെടുത്താവണം 15 അടിയിലേറെ ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രധാനപ്രവേശന കവാടവും പതിനെട്ടാം പടിയാണ്.
നട തുറക്കുമ്പോള്‍ മുതല്‍ പതിനെട്ടാം പടി കയറാനുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. തിരക്കേറുന്ന ദിനങ്ങളില്‍ ദര്‍ശനത്തിനുള്ള കാത്തുനില്‍പ് മണിക്കുറുകള്‍ നീളും. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി കയറാന്‍.
മണ്ഡല മകരവിളക്കു കാലത്തും മാസപൂജാ സമയങ്ങളിലുമെല്ലാം ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകാറുള്ളത്. മകരവിളക്ക് സമയത്ത് പമ്പയിലേക്കു വരെ ഈ ക്യൂ നീളുന്നു. കുടിവെള്ളം കിട്ടാതെ, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് ഭക്തര്‍ കമ്പിവേലിക്കും വടത്തിനുമിടയില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനെട്ടാംപടിയില്‍ കൂടി കൂടുതല്‍ ഭക്തരെ കടത്തിവിട്ടെങ്കിലേ നീണ്ട നിരയുടെ നീളവും സമയവും കുറയ്‌ക്കാനാകൂ.
ഭക്തജനബാഹുല്യം എത്രകണ്ട് വര്‍ദ്ധിച്ചാലും അഞ്ചടി വീതിയുള്ള പടിയില്‍ കൂടിയേ ഇരുമുടിക്കെട്ടുമായി എത്തിയ മുഴുവന്‍ തീത്ഥാടകരും കടന്നു പോകു. പതിനെട്ടാം പടിക്ക് മേല്‍ക്കൂര വന്നതോടെ പടിയുടെ വീതി വീണ്ടും കുറഞ്ഞു. ഭക്തരെ സഹായികുന്നതിന് ഇരുവശത്തുമായി രണ്ടു ഡസന്‍ പോലീസുകാര്‍ കൂടി നിലയുറപ്പിക്കുന്നതോടെ ഭക്തര്‍ക്കു കയറാനുള്ള ഇടം മൂന്നടിയിലും കുറവാകും.
പടിയില്‍ തൂണുകളില്ലാതിരുന്ന കാലത്ത് പരിചയ സമ്പന്നരായവരുടെ നിയന്ത്രണത്തില്‍ മിനിറ്റില്‍ 90 തീര്‍ത്ഥാടകര്‍ വരെ പടി കയറിയിരുന്നു. എന്നാലിപ്പോള്‍ അമ്പതില്‍ താഴെ ഭക്തരാണ് ഒരു മിനിറ്റില്‍ പടി കയറുന്നത്. കുട്ടികളും വൃദ്ധരും ദിവ്യാംഗരും പടികയറുമ്പോള്‍ ഈ എണ്ണം നേര്‍ പകുതിയാകും.
ഈ തിരക്കിനിടയിലും പോലീസിനു ചില ചില്ലറ പിആര്‍ ജോലിയുണ്ട്. പോലീസിന്റെ സേവനം ക്യാമറയില്‍ പകര്‍ത്താന്‍ അത്യാവശ്യ സൗകര്യമൊരുക്കുന്നതും പടികയറ്റത്തിന്റെ വേഗത ചിലപ്പോള്‍ കുറയ്‌ക്കുന്നു. പതിനെട്ടാംപടിയിലെ ചെറിയ തടസം പോലും മണിക്കൂറുകള്‍ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇക്കാര്യത്തിലൊരു പുനരാലോചന അനിവാര്യമാണ്.
ദേവഹിതത്തോടെ പതിനെട്ടാംപടിയുടെ പുനരുദ്ധാരണം നടക്കണം. വാസ്തു ശാസ്ത്രമനുസരിച്ചും താന്ത്രിക വിധിപ്രകാരവും പതിനെട്ടാംപടിക്ക് വീതികൂട്ടാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
പുരാതന നിര്‍മിതി ആയതിനാലും കാനന ക്ഷേത്രമെന്ന പ്രത്യേകത കൊണ്ടും നിലവിലുള്ള പതിനെട്ടാംപടിക്ക് ഒരു മാറ്റവും വരുത്താതെ ഇരു വശങ്ങളിലുമായി പടിയുടെ പുനരുദ്ധാരണം നടത്താമെന്നാണ് വാസ്തുശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.
1950 ല്‍ ശബരിമല ക്ഷേത്രം ചിലര്‍ തീവച്ചു നശിപ്പിച്ചതിനു ശേഷം ശ്രീകോവിലും അയ്യപ്പ വിഗ്രഹവും പുനര്‍നിര്‍മിച്ചതാണ്. പഴയ കാലത്ത് പതിനെട്ടാംപടിക്കു താഴെ ക്ഷേത്രത്തിനു നാലു വശത്തുമുണ്ടായിരുന്ന കിടങ്ങും പാത്രക്കുളവും മാറ്റി.
ഭസ്മക്കുളത്തിനു സ്ഥാനം മാറി. വാസ്തു വിരുദ്ധവും താന്ത്രിക വിധിക്ക് വിപരീതവുമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്ഥാന ചലനങ്ങളും ശബരിമലയില്‍ മുമ്പുണ്ടായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനമല്ല വേണ്ടത്. തന്ത്രി മുഖ്യരുടേയും വാസ്തുശാസ്ത്ര വിദഗ്ധരുടേയും അഭിപ്രായം തേടി ദേവഹിതം അറിഞ്ഞ് പതിനെട്ടാംപടിക്ക് കാലോചിതമായ പുനരുദ്ധാരണം നടത്തണം.
നിലവിലുള്ളതിന്റെ മൂന്നിരട്ടി ഭക്തര്‍ക്ക് ഇതോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്താനും സാധിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക