ന്യൂയോര്‍ക്ക്: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്. രണ്ട് തവണകളായാണ് ബഹിരാകാശത്ത് നടക്കുക. ആദ്യത്തേത് 16നും രണ്ടാമത്തേത് 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാക്കുകയെന്നും നാസ വ്യക്തമാക്കി.
റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്‌കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും
ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്‌ട്രോമീറ്ററിന് ഉള്ളത്.
സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികരുടെ ഈ നടത്തം. സുനിതയുടെയും നിക്കിന്റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക