കൊച്ചി: മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ചേന്ദമംഗലം പാലിയം കോവിലകത്ത് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തെക്കോട്ടുള്ള വാതില്‍ വഴി പുറത്തേക്കെടുത്ത് ഭാവഗായകന്‍ പി. ജയചന്ദ്രന് ആഗ്രഹം പോലെ അന്ത്യയാത്ര. ജനിച്ച് വീണ മണ്ണില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിയെങ്കിലും താന്‍ ചെറുപ്പത്തിലും ഗായകനായും പിച്ചവച്ച തറവാട് അദ്ദേഹത്തിന് വലിയ താത്പര്യമുള്ള ഇടമായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ തറവാട്ടില്‍ എത്തിയപ്പോഴാണ് അവസാനം തനിക്ക് ഇവിടെ കിടക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ക്ഷീണം അനുഭവപ്പെട്ടതോടെ അകത്തെ കസേരയിലിരുന്നു. ഇതിനിടെയാണ് പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റ്, ഈശ്വര സേവാ ട്രസ്റ്റ് എന്നിവയുടെ മാനേജരായ പാലിയത്ത് വേണുഗോപാലിനോടും ബന്ധുക്കളോടുമായി ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ അങ്ങനെ പറയണോ എന്ന് ചോദിച്ചപ്പോള്‍, അല്ല എനിക്ക് ഇവിടെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായി വേണുഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു. പിന്നീട് താന്‍ വിഷയം മാറ്റി ദേവിയുടെ ചടങ്ങുകളെക്കുറിച്ച് പറയുകയായിരുന്നു. ഇത്രയും വേഗം വിയോഗമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.
ലോകത്ത് പലയിടത്തുമായി 450 ഓളം അംഗങ്ങളുള്ള കുടുംബമാണ് പാലിയം. 40 വര്‍ഷം മുമ്പ് വരെ ഇവിടെ വച്ചായിരുന്നു എല്ലാ ആഘോഷങ്ങളും നടന്നിരുന്നത്. അടുത്തകാലത്തായി വിവാഹങ്ങളും കുടുംബയോഗവും സമീപത്തുള്ളവരുടെ മരണാന്തര ചടങ്ങും മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു മരണാനന്തര ചടങ്ങിനും ഭഗവതിയുടെ പറയുടെ ഭാഗമായുമാണ് പി. ജയചന്ദ്രന്‍ അവസാനമായി എത്തിയത്. മരണാനന്തര ചടങ്ങ് അദ്ദേഹത്തെ വേദനിപ്പിച്ചതായും, അതാകും ഇത്തരത്തില്‍ പറയാന്‍ കാരണമായതെന്നും വേണുഗോപാല്‍ പറഞ്ഞു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഇളയ സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് തറവാട്ടു വളപ്പിലെ കുടുംബ ശ്മശാനമായ പിതൃസ്മിതിയില്‍ സംസ്‌കരിക്കാന്‍ അനുമതി തേടുകയായിരുന്നു. ട്രസ്റ്റ് ഭരണസമിതി ഇതിന് അനുമതി നലകി. പൂര്‍ണ പിന്തുണയും നല്കി. ഐവര്‍മഠത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.
കുടുംബത്തിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കി കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ച് വരിയാണ് ഇപ്പോള്‍ കോവിലകം. പാലിയം നാലുകെട്ട് ലൈഫ് സ്റ്റൈല്‍ മ്യൂസിയമെന്നാണ് അറിയപ്പെടുന്നത്. പു
തുതലമുറയ്‌ക്ക് പഴയകാല നായര്‍ തറവാട് ഏത് തരത്തിലായിരുന്നുവെന്ന് അറിയുന്നതിന് സ്ഥലവും കെട്ടിടവും ട്രസ്റ്റ് വിട്ടുകൊടുത്തിരിക്കുകയാണ്. 1789ല്‍ പാലിയത്തിലെ സ്ത്രീകള്‍ക്കും 13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കുമായാണ് ഈ വീട് നിര്‍മിച്ചത്. നടുമുറ്റം, ചുറ്റിലും വരാന്തകളോട് കൂടിയ നാലുകെട്ടുകള്‍, പുറത്തളം എന്നിവയടങ്ങിയ ചതുരാകൃതിയിലുള്ള വീടാണിത്. പരദേവതയായ ദേവിയുടെ പ്രതിഷ്ഠ കോവിലകത്തിന് പടിഞ്ഞാറ് ഭാഗത്തായുണ്ട്. പഴയകാലത്തെ എല്ലാം കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഇപ്പോഴും ഇതിന് പരിസരത്തായി സംരക്ഷിച്ച് പോരുന്നുണ്ട്. മരുമക്കത്തായ സമ്പ്രദായം ഇപ്പോഴും പിന്തുടരുന്ന കുടുംബമാണ് പാലിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക