ആലുവ: എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി. നടന്നത് കവര്ച്ചാനാടകമാണെന്നും പോലീസ് പറഞ്ഞു.
ആഭിചാരക്രിയ ചെയ്യുന്ന തൃശ്ശൂര്‍ ചിറമങ്ങാട് സ്വദേശി അന്‍വറാണ് വീട്ടില്‍ അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവര്‍ച്ച നടത്തിയത്. കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പടലക്കാട്ടില്‍ ഉസ്താദ് എന്നറിയപ്പെടുന്ന അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ആറാം തീയതിയാണ് ആലുവ കാസിനോ തീയറ്ററിനു പിറകിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്. പകല്‍ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ടുപൊളിച്ച് 40 പവനോളം സ്വര്‍ണവും എട്ടുലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
ശാസ്ത്രീയ അന്വേഷണത്തില്‍ കവര്‍ച്ച ‘നാടക’മാണെന്ന് മനസിലായി. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തതില്‍നിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിര്ദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു. അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതും വീട്ടില്‍ കവര്‍ച്ച നടന്ന രീതിയില്‍ ചിത്രീകരിച്ചതും. സ്വര്‍ണവും പണവും കിട്ടിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
പല തവണയായാണ് മോഷണം നടത്തിയത്. അവസാനം, കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുള്‍പ്പെടെ പഠിപ്പിക്കുകയും ഗൃഹനാഥ അങ്ങനെ ചെയ്യുകയും ചെയ്തു. മോഷണവിവരത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സാധാരണ കവര്‍ച്ചക്കാര്‍ തകര്‍ക്കുന്ന വിധത്തിലായിരുന്നില്ല വാതില്‍ പൊളിച്ചിരുന്നത്.
മാത്രമല്ല, തകര്‍ത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചല്ല കവര്‍ച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു. ശേഷം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലും ചോദ്യംചെയ്യലിലുമാണ് മോഷണം നടത്തിയത് ഗൃഹനാഥയാണെന്ന് വ്യക്തമാകുന്നത്.
പണവും സ്വര്‍ണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകള്‍ പ്രതികൂലമാകുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വര്‍ണവും പണവും അന്‍വറിന്റെ കളമശേരിയിലെ വീട്ടില്‍ തവണകളായി എത്തിച്ചത്.
വീട്ടില്‍ പണവും സ്വര്‍ണവും തീര്‍ന്നപ്പോഴാണ് കവര്‍ച്ചാനാടകം നടത്താന്‍ ഉപദേശിച്ചത്. വാതില്‍ പുറമെനിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാള്‍ നിര്‍ദേശിച്ചു. അതിന് പ്രകാരമാണ് വീട്ടമ്മ ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: