ന്യൂദല്‍ഹി: മാസപ്പടി കേസില്‍ പെട്ട കൊച്ചി ആസ്ഥാനമായ സി എം ആര്‍ എല്‍ വന്‍ അഴിമതി ആണ് നടത്തിയതെന്ന കേന്ദ്ര സര്‍ക്കാര്‍. കമ്പനി 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.് വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സി എം ആര്‍ എല്‍ കോടികള്‍ നല്‍കിയത്.
ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി സമര്‍പ്പിച്ച വിശദമായ രേഖയിലാണ് സി എം ആര്‍ എല്ലിനെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി നേരത്തെ ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായി വാദങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും ആദായ നികുതി വകുപ്പും എഴുതി നല്‍കിയ വാദങ്ങളിലാണ് ഗുരതരമായ കണ്ടെത്തലുകള്‍.
സ്ഥാപനത്തിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വേണ്ടിയാണ് രാഷ്‌ട്രീയ നേതാക്കളുമായും സ്ഥാപനങ്ങളുമായും കമ്പനി അനധികൃതമായി പണമിടപാട് നടത്തിയത്.
സി എം ആര്‍ എല്‍ നടത്തിയ 185 കോടിയുടെ അനധികൃത പണമിടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികുമായി മാത്രം നടത്തിയത് 1.72 കോടിയുടെ ഇടപാടാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന അഴിമതിയാണ് നടന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
അനധികൃതമായി നടത്തിയ പണമിടപാട് ,സി എം ആര്‍ എല്ലുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിലെ ചെലവില്‍ ഉള്‍പ്പെടുത്തി കാണിച്ചു. കമ്പനിക്കെതിരെ ആദായ നികുതി വകുപ്പും വാദം സമര്‍പ്പിച്ചു.പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാല്‍ പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ കേസ് വരുമെന്ന് കേന്ദ്രം വ്യക്തമാക്കി. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും മുന്‍ക്കാലകോടതിവിധികള്‍ ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക