Vicharam

അനുരാഗ ഗാനം പോലെ…

Published by

ജയചന്ദ്രന്റെ പാട്ടുകള്‍ മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യമില്ലാതെ ചലച്ചിത്ര പിന്നണിഗാന മേഖലയിലേക്കുവന്ന് സംഗീതത്തെ ജനകീയമാക്കുന്നതില്‍ ജയചന്ദ്രന്‍വഹിച്ച പങ്ക് വളരെ വലുതാണ്. ഹൃദയത്തെ നേരിട്ടു സ്പര്‍ശിക്കുന്ന എന്തൊക്കയോ ആ ആലാപന ശൈലിയിലുണ്ട്. ഏതു പാട്ടുപാടിയാലും ഗായകന്‍ അതിനു നല്‍കുന്ന ഭാവം ആ ഗാനത്തെ മികവുറ്റതാക്കും. വാക്കുകള്‍ക്ക് ഭാവം നല്‍കാന്‍ ജയചന്ദ്രനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. ചിലപാട്ടുകള്‍ എഴുത്തുകാരനും സംഗീതസംവിധായകനുമപ്പുറം ജയചന്ദ്രന്റെതുമാത്രമായി മാറിയത് അങ്ങനെയാണ്. മലയാളികളുടെ ഭാവഗായകനായി അദ്ദേഹം മാറിയതും അതുകൊണ്ടുതന്നെ. മലയാളത്തിന്റെ കാമുക ശബ്ദമാണ് ജയചന്ദ്രന്റെതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ കാമുകശബ്ദം മാത്രമായിരുന്നില്ല അത് എന്ന തിരിച്ചറിവുണ്ടാകുന്നിടത്താണ് മഹാഗായകനായി പാലിയത്ത് ജയചന്ദ്രന്‍ മാറുന്നത്. പ്രണയവും വിരഹവും തത്വചിന്തയും വാത്സല്യവും ഭക്തിയും ശോകവും കരുണയും ഹാസ്യവുമെല്ലാം ആ ശബ്ദത്തിലൂടെ സൃഷ്ടിക്കപ്പെട്ടു.

മലയാളിയുടെ സംഗീതാസ്വാദനത്തിന് മിഴിവേകിയ രണ്ട് ആണ്‍ശബ്ദങ്ങളുടെ ഉടമകളാണ് യേശുദാസും ജയചന്ദ്രനും. ഒരേകാലത്ത് ചലച്ചിത്രസംഗീതത്തില്‍ നിറഞ്ഞു നിന്ന രണ്ടു മഹാപ്രതിഭകള്‍. തലമുറകള്‍ മാറിമാറി വന്നപ്പോഴും ഈ മഹാരഥന്മാര്‍ തലയുയര്‍ത്തിത്തന്നെ നിന്നു. ആര് ഒന്നാമത്, ആരാണ് രണ്ടാമന്‍ എന്ന് മലയാളി കണക്കെടുത്തില്ല. ആസ്വാദകര്‍ക്ക് രണ്ടുപേരും മലയാളത്തിന്റെ അടയാളപ്പെടുത്തലുകളായി. അവര്‍ക്കിടയില്‍ മത്സരങ്ങളുമുണ്ടായില്ല. ജയചന്ദ്രന്‍ മനസ്സാ യേശുദാസിനെ സ്വന്തം ജ്യേഷ്ഠനായി കണ്ടു. തനിക്കുകിട്ടാത്ത പാട്ടുകളെ ഓര്‍ത്ത് ജയചന്ദ്രന്‍ ഒരിക്കലും വ്യാകുലപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരുടെ, അത് പുതിയ തലമുറയിലെ ചെറുബാല്യക്കാരായാല്‍പ്പോലും, നല്ല പാട്ടുകളെ പ്രശംസിക്കാന്‍ ഒട്ടും പിശുക്കുകാട്ടിയതുമില്ല.

ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ജയചന്ദ്രന്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചു. 1965ല്‍ കുഞ്ഞാലിമരയ്‌ക്കാറിനുവേണ്ടി ഭാസ്‌കരന്‍മാഷ്-ചിദംബരനാഥ് കൂട്ടുകെട്ടില്‍ പിറന്ന ‘ഒരുമുല്ലപ്പൂ മാലയുമായ്…’ആണ് ജയചന്ദ്രന്റെ ആദ്യ പിന്നണി ഗാനമെങ്കിലും തൊട്ടടുത്ത വര്‍ഷം പുറത്തുവന്ന കളിത്തോഴനില്‍ ദേവരാജന്റെ സംഗീതത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. തലമുറകള്‍ മാറുകയും പാട്ടിന്റെ ശൈലിയും സ്വഭാവവും മാറിമറിയുകയും ചെയ്തപ്പോഴും മലയാളിയുടെ ചുണ്ടുകള്‍ ഇന്നും ‘മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി…’ എന്ന പാട്ട് മൂളിക്കൊണ്ടിരിക്കുന്നു. ബാബുരാജിന്റെ സംഗീതത്തില്‍ ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രന്‍ ആലപിച്ച ‘അനുരാഗഗാനം പോലെ…’ എന്ന പാട്ടിന് മലയാളിയുടെ ഹൃദയത്തെ വേഗത്തില്‍ കീഴടക്കാനായി. 1967ല്‍ പുറത്തുവന്ന ആ ഗാനം ഇന്നും നമ്മുടെ ഗൃഹാതുരമായ ഈണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രീകുമാരന്‍ തമ്പിയെഴുതിയ ഏതാണ്ട് 250ല്‍ അധികം പാട്ടുകള്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. എല്ലാം ഹിറ്റ് പാട്ടുകള്‍. തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു…, നിന്‍മണിയറയിലെ നിര്‍മല ശയ്യയിലെ…, സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പം…, സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം…തുടങ്ങിയ പാട്ടുകള്‍ ഓര്‍ത്തെടുക്കാം.

പി. ഭാസ്‌കരനും വയലാറും മുതല്‍ ബി.കെ. ഹരിനാരായണന്‍ വരെയുള്ളവരുടെ പാട്ടുകള്‍ക്ക് ഭാവം നല്‍കിയ പാട്ടിന്റെ തമ്പുരാനായിരുന്നു ജയചന്ദ്രന്‍. എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍ അദ്ദേഹം ആലപിച്ച ഓരോ പാട്ടിനെക്കുറിച്ചും പറയാനുണ്ട്. മലയാളിയെ അത്രയധികം ജയചന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിലെ വരികള്‍പോലെ, അനുരാഗഗാനം പോലെയായിരുന്നു ആ ജീവിതവും.

രോഗബാധിതനായിരുന്നെങ്കിലും അതില്‍നിന്നു മുക്തനായി അദ്ദേഹം ജീവിതത്തിലേക്കും പാട്ടിലേക്കും തിരികെ വരികയായിരുന്നു. മരണം ആകസ്മികമായി രംഗബോധമില്ലാതെ കടന്നുവന്നപ്പോള്‍ കൈരളിക്കുണ്ടായത് വലിയ നഷ്ടം തന്നെയാണ്. ഭാവഗായകന്റെ പാട്ടുകളെല്ലാം ഹൃദയത്തില്‍ ചേര്‍ത്തുവച്ച്, ആദരാഞ്ജലികളര്‍പ്പിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by