പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പതിനെട്ടുകാരി നല്‍കിയ പരാതിയില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും. 40 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം പോക്സൊ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച അഞ്ച് പ്രതികളുടെ അറസ്റ്റ് ഇലവുംതിട്ട പോലീസ് രേഖപ്പെടുത്തിയിരുന്നു.
പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കായികതാരമായ പെണ്‍കുട്ടി 13-ാം വയസ് മുതലാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സി ഡബ്ല്യു സി വഴി പോലീസിന് ലഭിച്ചത്. പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും ഉൾപ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തായത്. 2019 മുതലാണ് പീഡനം തുടങ്ങിയത്. ആദ്യം ആണ്‍സുഹൃത്ത് പീഡിപ്പിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ത്തന്നെ 62 പ്രതികളുണ്ടെന്നാണു പോലീസിനു ലഭിച്ച സൂചന.
ഇലവുംതിട്ട പോലീസ് ആദ്യ എഫ്‌ഐആര്‍ രേഖപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക